കലോത്സവത്തിൽ ആദ്യമായി മംഗലംകളി അരങ്ങേറി
1460286
Thursday, October 10, 2024 8:45 AM IST
പെരുമ്പടവ്: സ്കൂൾ കലോത്സവത്തിന്റെ മാനുവൽ പരിഷ്കരിച്ചതിനെ തുടർന്ന് കലോത്സവത്തിൽ മംഗലംകളി അരങ്ങേറി. തളിപ്പറമ്പ് നോർത്ത് സബ്ജില്ലാ കലോത്സവത്തിൽ പെരുമ്പടവ് ബിവിജെഎം ഹയർ സെക്കൻഡറി സ്കൂൾ വേദിയിലാണ് കലോത്സവത്തിൽ മംഗലംകളി അരങ്ങേറിയത്.
മത്സരയിനത്തിൽ ഉൾപ്പെടുത്തിയ മംഗലംകളിയെക്കുറിച്ച് അറിയാത്ത നിരവധി പേരാണ് കാണാനെത്തിയത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി താമസിക്കുന്ന മാവില സമുദായത്തിന്റെയും മലവേട്ടവരുടെയും സവിശേഷമായ നൃത്ത സംഗീത രൂപമാണ് മംഗലംകളി. പേരുപോലെ മംഗലത്തിന് കളിക്കാർ ആചാരപ്രകാരം നാല് മംഗലങ്ങളാണ് കളിക്കുന്നത്. ജനനം, വയസ് അറിയിക്കൽ, താലികെട്ട്, ഗർഭിണിയായ സ്ത്രീകളെ അവരുടെ വീട്ടിലേക്ക് പറഞ്ഞയക്കൽ എന്നിങ്ങനെ നാല് തരത്തിലുള്ള മംഗലങ്ങളാണ് സമുദായത്തിൽ നടക്കുന്നത്.
വിനോദ വേളകളിലും ഇവർ ഈ മംഗലം കളി നടത്താറുണ്ട്. നാട്ടറിവ്, ശിക്ഷാരീതി, കാറ്ററിവ്, ജന്മദിനം ശിക്ഷാരീതി, പിണക്കങ്ങളും ഉൾപ്പെടുത്തിക്കൊണ്ടും മറ്റ് പ്രതിഷേധങ്ങളും ഉൾപ്പെടെയുള്ള പാട്ടുകളാണ് ഇന്നലെ പെരുമ്പടവിൽ നടന്ന മംഗലം കളിയിൽ അരങ്ങേറിയത്. സംസ്ഥാനത്തെ ആദ്യ മത്സരമാണെങ്കിലും ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നായി മൂന്ന് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഇതിൽ പട്ടുവം എംആർഎസ് എംആർഎസ് സ്കൂൾ ഒന്നാം സ്ഥാനം നേടി.