ആറളം ഫാമിൽ വീണ്ടും "ഓപ്പറേഷൻ എലിഫന്റ് '
1459970
Wednesday, October 9, 2024 7:40 AM IST
ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും അക്രമകാരികളായ കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെ ആനകളെ തുരത്തുന്ന ഓപ്പറേഷൻ എലിഫന്റ് ദൗത്യം പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി വനം വകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം ഇന്നലെ പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒമ്പതിലെ വനയനാടൻ കാടുകളിൽ ഡ്രോൺ ഉപയോഗിച്ച് കാട്ടാനകൾ തന്പടിച്ച സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഞ്ച് ആനകൾ ഈ മേഖലയിൽ തന്പടിച്ചിട്ടുണ്ടെന്നാണ് നിഗമനം.
ആറ് മാസത്തിനിടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ തുരത്തലിൽ ഫാം കൃഷിയിടത്തിൽ നിന്നും പുനരധിവാസ മേഖലയിൽ നിന്നുമായി 70 ലധികം ആനകളെ വനത്തിലേക്ക് കടത്തിവിട്ടിരുന്നു. എന്നാൽ ഇവയിൽ പലതും തിരിച്ചെത്തി നാശം വിതയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ബ്ലോക്ക് ഏഴിൽ 230 റബർ മരങ്ങളുടെ തൊലിയാണ് കാട്ടാനകൾ തിന്നത്. തെങ്ങുകളും നശിപ്പിച്ചു. രാപ്പകൾ ആർആർടീമിന്റെ നേതൃത്വത്തിൽ വനപാലകരുടെ കാവലുണ്ടെങ്കിലും കാട്ടാനകൾ എത്തുന്നുണ്ട്.
പുനരധിവാസ മേഖലയിലെ വീടുകൾക്ക് നേരെയും നിരവധി തവണ കാട്ടാനകൾ ആക്രമണം നടത്തിയിരുന്നു. താമസക്കാർ പലരും കാട്ടാനയുടെ പിടിയിൽ നിന്നും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബ്ലോക്ക് ഒമ്പതിൽ ഒരു കൂട്ടം ആനകൾ തന്നെ തമ്പടിച്ചിട്ടുണ്ട്. പകൽ സമയങ്ങളിൽ പോലും ഇതുവഴി യാത്രചെയ്യുന്നത് സുരക്ഷിതമല്ലാത്ത സാഹചര്യമാണ് .
ആറളം ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.ചന്ദ്രനൻ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രമോദ്കുമാർ എന്നിവര്‍ ഡ്രോൺ പരിശോധനയ്ക്ക് നേതൃത്വം നൽകി.