ബിജെപി ഭരിക്കുന്ന സൊസൈറ്റിയിൽ വൻ ക്രമക്കേടെന്ന് ഡയറക്ടർ
1459966
Wednesday, October 9, 2024 7:40 AM IST
കണ്ണൂർ: ബിജെപിയുടെ നിയന്ത്രണത്തിലുള്ള പഴയങ്ങാടി ലേബർവെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സെക്രട്ടറിയുടെ ഒത്താശയോടെ വായ്പ നല്കിയതിലും മറ്റും വൻ ക്രമക്കേടുകൾ നടന്നതായി ബിജെപി ജില്ലാ കമ്മിറ്റിയംഗവും സൊസൈറ്റി ഡയറക്ടറുമായ കണ്ണപുരം സ്വദേശി മണിയമ്പാറ ബാലകൃഷ്ണൻ ആരോപിച്ചു.
ചട്ടവിരുദ്ധമായി ആറും ഏഴും സെന്റ് പുരയിട ഭൂമിക്ക് 10 ലക്ഷം ലോൺ, ഗ്രൂപ്പ് ഡെപ്പോസിറ്റ് ലോൺ, മാനദണ്ഡമില്ലാതെ ദൂരപരിധി മറികടന്ന് ലോൺ, ഒരു വാടക കച്ചീട്ടിൽ 10 ലക്ഷം ലോൺ അനുവദിച്ചപ്പോൾ, അതേ വാടക കച്ചീട്ടിൽ മറ്റൊരാൾക്ക് 10 ലക്ഷം വായ്പ, അതേ വ്യക്തിക്കു തന്നെ അഞ്ചു ലക്ഷം സ്വർണ ഉരുപ്പടിയിൽ വായ്പ, കൂടാതെ അദ്ദേഹത്തിന്റെ മകൾക്ക് വ്യക്തിഗത വയ്പയും അനുവദിച്ചതടക്കം ആ വീട്ടിലുള്ളവർക്കായി മാത്രം 26 ലക്ഷം രൂപയാണ് വായ്പയായി നല്കിയതെന്ന് കണ്ണൂരിൽ പത്രസമ്മേളനത്തിൽ ബാലകൃഷ്ണൻ ആരോപിച്ചു. 18 വർഷമായി തുടരുന്ന സെക്രട്ടറിയുടെ നിലപാടിനെതിരേ ബിജെപി ജില്ലാ പ്രസിഡന്റ് ഹരിദാസൻ, ആർഎസ്എസിലെ പ്രമുഖ നേതാക്കൾ എന്നിവർക്ക് പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ബാലകൃഷ്ണൻ പറഞ്ഞു.