ശ്രീകണ്ഠപുരം നഗരസഭ സുരക്ഷിത കൗമാരം പദ്ധതിക്ക് തുടക്കമായി
1459964
Wednesday, October 9, 2024 7:40 AM IST
ശ്രീകണ്ഠപുരം: നഗരസഭ സുരക്ഷിത കൗമാരം പദ്ധതിക്ക് ആരംഭം കുറിച്ചുള്ള ആലോചന യോഗം നഗരസഭ കൗൺസിൽ ഹാളിൽ നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 11 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 1899 വിദ്യാർഥിനികൾക്ക് അവരുടെ സ്കൂൾ പഠനകാലയളവിൽ സൗജന്യമായി സാനിറ്ററി നാപ്കിനുകൾ, അവ സൂക്ഷിക്കുന്നതിനുള്ള സ്റ്റീൽ അലമാര, നാപ്കിൻ ഡിസ്ട്രോയറുകൾ എന്നിവയാണ് ഈ പദ്ധതി വഴി നൽകുന്നത്. 12,75,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
വനിതവികസന കോർപറേഷൻ പ്രതിനിധി ടി.ആർ. റിമി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ജോസഫീന അധ്യക്ഷത വഹിച്ചു. മെംബർ സെക്രട്ടറി വി. പ്രേമരാജൻ, വൈസ് ചെയർമാൻ കെ. ശിവദാസൻ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.സി. ജോസഫ് കൊന്നക്കൽ, മെഡിക്കൽ ഓഫീസർ കെ. വൈശാഖി തുടങ്ങിയവർ പ്രസംഗിച്ചു.