മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പോലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ച
1459790
Tuesday, October 8, 2024 8:28 AM IST
കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പ്രതിയായിരുന്ന മഞ്ചേശ്വരം കോഴക്കേസില്‍ പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ച സംഭവിച്ചതായി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കുറ്റപത്രം സമര്‍പ്പിച്ചത് കാലാവധി കഴിഞ്ഞാണെന്നും കെ.സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിന് തെളിവില്ലെന്നും വിധിപ്പകര്‍പ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടര്‍ന്ന് വിചാരണയിലേക്ക് പോലും കടക്കാതെ കേസ് കോടതി തള്ളുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിക്കെതിരെയുള്ള സിപിഎമ്മിന്റെയും യുഡിഎഫിന്റെയും ആയുധമായിരുന്നു ഈ കേസ്.
എന്നാല്‍ ബിജെപിയും സിപിഎമ്മും ഒത്തുകളിച്ചാണ് മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പോലീസിന് വീഴ്ച സംഭവിച്ചതായുള്ള വിധി പകര്‍പ്പ് പുറത്തുവന്നത്. പ്രോസിക്യൂഷനും അന്വേഷണ സംഘത്തിനും ഗുരുതര വീഴ്ചയുണ്ടായതായി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നിരിക്കെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷവും ഏഴു മാസത്തിനും ശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്തുകൊണ്ട് കാലതാമസം നേരിട്ടു എന്നത് സംബന്ധിച്ച കാരണവും അന്വേഷണസംഘം ബോധിപ്പിച്ചിട്ടില്ലെന്നും വിധിയില്‍ പറയുന്നു. പട്ടികജാതി പട്ടികവര്‍ഗ പീഡന നിയമം ചുമത്തിയതിനാല്‍ എസ്എംഎസ് (സ്പെഷല്‍ മൊബൈല്‍ സ്ക്വാഡ്) ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കേണ്ടത്.
എന്നാല്‍ ഇവിടെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. ഇതു പ്രതികളെ രക്ഷപെടുത്താനുള്ള സര്‍ക്കാരിന്റെ ബോധപൂര്‍വമായ നീക്കമാണെന്നും ആരോപണമുയരുന്നുണ്ട്.
സുന്ദരയെ ഭീഷണിപ്പെടുത്തി പത്രിക പിന്‍വലിപ്പിച്ചതിന് തെളിവില്ല. രണ്ടര ലക്ഷം രൂപ കൈപ്പറ്റിയതായും അത് മരുന്ന് വാങ്ങാനും വീട് പുനര്‍നിര്‍മാണത്തിനായും ഉപയോഗിച്ചുവെന്നും സുന്ദര സമ്മതിക്കുന്നു. ഭയപ്പെടുത്തി നല്കിയ പണമാണെങ്കില്‍ ഇങ്ങനെ ചെലവഴിക്കുമോ എന്ന സാമാന്യയുക്തി പോലും അന്വേഷണ സംഘത്തിനുണ്ടായില്ല. ബിജെപിയില്‍ ചേരാന്‍ പോകുന്നു എന്ന് സുന്ദര മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വയം വെളിപ്പെടുത്തിയതാണ്. ആ കാര്യം പരിശോധിച്ചിരുന്നെങ്കില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിയമം ചേര്‍ക്കില്ലായിരുന്നുവെന്നും വിധി പകര്‍പ്പില്‍ പറയുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മഞ്ചശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നതുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയില്‍ 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.എന്നാല്‍ കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്ന് സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു. സുരേന്ദ്രനെ കൂടാതെ ബിജെപി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, കെ. മണികണ്ഠ റൈ, വൈ.സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റു പ്രതികളായി ഉണ്ടായിരുന്നത്.
ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം ബദിയടുക്ക പോലീസാണ് കേസെടുത്തത്. കേസ് പിന്നീട് ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.