കേരളത്തിൽ ഇത് സിപിഎമ്മിന്റെ അവസാന ഭരണം: എം.എം. ഹസൻ
1459329
Sunday, October 6, 2024 6:44 AM IST
കണ്ണൂർ: കേരളത്തിൽ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം സിപിഎമ്മിനെ സംബന്ധിച്ച് സംസ്ഥാനത്തെ അവരുടെ അവസാനത്തെ ഭരണമായിരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ജനദ്രോഹ സർക്കാരിനെതിരേ ജനകീയ പ്രക്ഷോഭം എന്ന മുദ്രാവാക്യവുമായുള്ള കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗങ്ങളുടെ ജില്ലാതല ഉദ്ഘാടനം ചക്കരക്കൽ ടൗണിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏതു വിധേനയും അധികാരം നിലനിർത്തണമെന്ന ചിന്ത മാത്രമാണ് പിണറായി വിജയനുള്ളത്. അതിനായി എന്തും ചെയ്യുന്ന മാനസികാവസ്ഥയിലാണ് മുഖ്യമന്ത്രി. ന്യൂനപക്ഷങ്ങളെ കൂടെ നിർത്താം എന്ന കണക്കുകൂട്ടലിൽ പല അഭ്യാസങ്ങളും നേരത്തേ പയറ്റി പരാജയപ്പെട്ട പിണറായി വിജയനും കൂട്ടരും ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ്.
കേരളം ഭരിക്കുന്നത് സിപിഎമ്മോ ബിജെപിയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ ആഭ്യന്തരവകുപ്പിനെ കാവിവത്കരിച്ചിരിക്കുകയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനടക്കം പ്രതികളായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതികളെ കുറ്റവിമുക്തരാക്കിയതിന് പിന്നിലും സിപിഎമ്മും ബിജെപി നേതൃത്വവും തമ്മിലുള്ള ഒത്തുകളിയാണ് എന്ന് എം.എം. ഹസൻ ആരോപിച്ചു.
കെ.സി. അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. ചന്ദ്രൻ തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസൽ, എൻ.പി. ശ്രീധരൻ, രജിത്ത് നാറാത്ത്, കെ.ഒ. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു