കണ്ണൂരിന് വർണരാവുകളൊരുക്കി ദസറയ്ക്ക് തിരിതെളിഞ്ഞു
1459131
Saturday, October 5, 2024 7:29 AM IST
കണ്ണൂർ: നമ്മുടെ സമൂഹത്തിൽ മനുഷ്യന്റെ ആരോഗ്യം നിലനില്ക്കണമെങ്കിൽ പ്രകൃതിയുടെ ആരോഗ്യം കൂടി സംരക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൺ ഹെൽത്ത് എന്നത് ലോകം മുഴുവൻ അംഗീകരിച്ച ഒരു മുദ്രാവാക്യമായി മാറുകയാണ്. ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കാലാവസ്ഥാ വ്യതിയാനം ആണ്. 10,000 വർഷം കൊണ്ട് സംഭവിക്കുന്ന കാലാവസ്ഥ വ്യതിയാനം 100-150 വർഷങ്ങൾകൊണ്ട് സംഭവിക്കുകയാണ്. ഈ സാഹചര്യത്തിലാണ് "കാണാം ദസറ കരുതാം ഭൂമിയെ' എന്ന മുദ്രാവാക്യം പ്രസക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ടൗൺ സ്ക്വയറിൽ കണ്ണൂർ ദസറ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നുപ്രതിപക്ഷ നേതാവ്. സെന്റ് മൈക്കിൾസ് സ്കൂൾ പാട്ട് കൂട്ടത്തിന്റെ സ്വാഗതഗാനത്തോടുകൂടി രാഗ-ലയ-താളമേള സംഗീത രാവുകൾക്ക് ആയിരങ്ങളെ സാക്ഷിനിർത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചത്. മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു.
മുൻ കോർപറേഷൻ മേയർ ടി.ഒ. മോഹനൻ ആമുഖ പ്രഭാഷണം നടത്തി. പി. സന്തോഷ് കുമാർ എംപി, ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സ്വാമി അമൃത കൃപാനന്ദപുരി, ഹാഷിർ ബാഖവി, മോൺ. ക്ലാരൻസ് പാലിയത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. മാർട്ടിൻ ജോർജ്, അബ്ദുൾ കരീം ചേലേരി, സി.പി. സന്തോഷ്, പി. റെജീഷ്, വി.കെ. ശ്രീകാന്ത്, ഇക്ബാൽ, പി. ഇന്ദിര, സുരേഷ് ബാബു എളയാവൂർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കലാമണ്ഡലം സിന്ദുജ നായർ അവതരിപ്പിച്ച മോഹിനിയാട്ടവും ദേവ്ന ബിജേഷ് അവതരിപ്പിച്ച കുച്ചിപ്പുടിയും ടാഷ അന്ന ഈപ്പൻ അവതരിപ്പിച്ച ഭാരതനാട്യവും പ്രശസ്ത ഗായകൻ വി. വിവേകാനന്ദൻ നയിച്ച ഗാനമേളയും അരങ്ങേറി.
കണ്ണൂർ ദസറയിൽ ഇന്ന് വൈകുന്നേരം 5.30 ന് സാംസ്കാരിക സമ്മേളനം ഡോ. എം.കെ. മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് സിഎച്ച്എം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിക്കുന്ന ഒപ്പന, ഡിആർമി ബീറ്റ്സ് അവതരിപ്പിക്കുന്ന വെസ്റ്റർ ഹിപ്പ് ഹോപ്പ് ഡാൻസ്, കലോത്സവ താരങ്ങളുടെ കലാവിരുന്ന് സ്വരമഴ, പ്രിയ ഏക്കോട്ടും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്കാരം, കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോ. സുമിത നായരുടെ നൃത്ത സന്ധ്യ എന്നിവ അരങ്ങേറും.