പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം : കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്
1459123
Saturday, October 5, 2024 7:22 AM IST
നടുവിൽ: നടുവിൽ പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘർഷം. കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്കു പരിക്ക്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കാന്പസിൽ സ്ഥാപിച്ച കൊടിതോരണങ്ങൾ മാറ്റുന്നതിനിടെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിക്കുകയാണുണ്ടായതെന്ന് കെഎസ്യു ആരോപിച്ചു.
കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ് അമൽ തോമസ്, ജില്ലാ ജനറൽ സെക്രട്ടി അഭിജിത്ത് മഠത്തിക്കുളം, നടുവിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം. നന്ദകിഷോർ, ബ്ലോക്ക് ജനറൽ സെക്രട്ടറി അഖിൽ ജോസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം സുഹൈൽ ചെമ്പൻതൊട്ടി, ബ്ലോക്ക് പഞ്ചായത്തംഗം ജോഷി കണ്ടത്തിൽ എന്നിവർ സന്ദർശിച്ചു.
പോളിടെക്നിക് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. പോളിടെക്നിക് തുടങ്ങിയ ശേഷമുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. കഴിഞ്ഞ തവണയും എസ്എഫ്ഐയാണ് വിജയിച്ചത്.
അഭിഷേക് ഷാജി ചെയർമാനും കെ.പി. ശ്രീനന്ദ്, ആർദ്ര ഗോപാലകൃഷ്ണൻ എന്നിവർ വൈസ് ചെയർമാൻമാരുമായി തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ടി. അദ്വൈത്-ജനറൽ സെക്രട്ടറി, സി.കെ. അനുരാഗ്-പിയുസി, മുഹമ്മദ് മുസ്തഫ-മാഗസിൻ എഡിറ്റർ, പി. ശ്രീനന്ദ-ആർട്ട്സ് ക്ലബ് സെക്രട്ടറി. വിജയികളെ ആനയിച്ച് എസ്എഫ്ഐ നടുവിൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.