കണ്ണവം തൊടീക്കളത്ത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണം : സിസിടിവി കാമറയും കൊടിതോരണങ്ങളും നശിപ്പിച്ചു
1459112
Saturday, October 5, 2024 7:14 AM IST
കൂത്തുപറമ്പ്: കണ്ണവത്തിനടുത്ത് തൊടീക്കളം ശിവക്ഷേത്രം ജംഗ്ഷനിൽ കണ്ണവം പോലീസിന്റെ നിയന്ത്രണത്തിൽ സ്ഥാപിച്ച സിസിടിവി കാമറ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. സമീപത്ത് തന്നെയുള്ള രാഷ്ട്രീ പാർട്ടികളുടെ ബോർഡുകളും കൊടികളും നശിപ്പിച്ചു.
ഇന്നലെ രാവിലെ പ്രദേശവാസികളാണ് സിസിടിവി കാമറകളും രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങളും നശിപ്പിച്ച നിലയിൽ കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് കണ്ണവം പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. കഴിഞ്ഞ ദിവസംഇതേ ജംഗ്ഷനിലെ എൻ.ഇ. ബാലറാമിന്റെ സ്മൃതി മണ്ഡപത്തിന്റെ കൈവരികൾക്ക് കേടുപാടുകൾ വരുത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടത്തി വരുന്നതിനിടെയാണ് പ്രദേശത്ത് വീണ്ടും സാമൂഹ്യ വിരുദ്ധരുടെ അക്രമം ഉണ്ടായത്.
ഇതിനു മുമ്പും ഈ മേഖലയിൽ സാമൂഹ്യവിരുദ്ധരുടെ അക്രമം ഉണ്ടായിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിൽ ഊർജിതമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. പരിശോധനയിൽ കണ്ണവം എസ്ഐ സുനിൽകുമാർ,സിപിഒ വിശ്വനാഥൻ, ബോംബ് സ്ക്വാഡ് എസ്ഐ സി.അശോകൻ, എഎസ്ഐ സി.പി. ബിനീഷ്, സിപിഒ കെ. ജിജിൻരാജ്, ഡോഗ് സ്ക്വാഡ് ഓഫീസർ നിജീഷ് എന്നിവർ പങ്കെടുത്തു.