സ്ത്രീകൾക്ക് നീതി നിഷേധം പരിധി വിടുന്നതായി മഹിളാ കോൺഗ്രസ്
1458895
Friday, October 4, 2024 6:22 AM IST
പയ്യാവൂർ: കേരളത്തിലെ സ്ത്രീകൾ ഇത്രയധികം അപമാനിക്കപ്പെടാനിടയായ കാലം കേരള ചരിത്രത്തിൽ ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് മഹിളാ കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. നീതി നിഷേധം എല്ലാ മേഖലയിലും പ്രകടമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പൂഴ്ത്തിവച്ചത് കുറ്റവാളികൾക്ക് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ്.
ഒടുവിൽ റിപ്പോർട്ട് പുറത്തുവിട്ടപ്പോൾ അറുപതിലധികം പേജുകൾ മാറ്റിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും സമ്മേളനത്തിൽ ആരോപണമുയർന്നു. മഹിളാ കോൺഗ്രസ് ഇരിക്കൂർ നിയോജമണ്ഡലം പ്രസിഡന്റായി നിയമിതയായ ഷിനോ പാറയ്ക്കലിന്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ശ്രീകണ്ഠപുരം കോട്ടൂർ ഗസൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
അഴിമതിയുടെയും സ്വജന പക്ഷപാതത്തിന്റെയും പ്രഭവ കേന്ദ്രമായി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണെന്ന് സജീവ് ജോസഫ് പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ഡോ. കെ.വി. ഫിലോമിന മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ടി.സി. പ്രിയ, നസീമ ഖാദർ, ഇൻചാർജ് സെക്രട്ടറി സിന്ധു, ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി, കെ.പി. ഗംഗാധരൻ,
കെ.സി. വിജയൻ, രാമകൃഷ്ണൻ, മാധവൻ, സ്റ്റീഫൻ, ജിയോ, രാജ്കുമാർ, വിജിൽ മോഹൻ, ബാലകൃഷ്ണൻ ചുഴലി, എം.ഒ. ചന്ദ്രശേഖരൻ, കൊയ്യം ജനാർദനൻ, ചാക്കോ പാലയ്ക്കലോടി, കെ. പ്രീത എന്നിവർ പ്രസംഗിച്ചു.