ഉരുൾപ്പൊട്ടൽ ദുരന്തമേഖല സന്ദർശിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ
1458888
Friday, October 4, 2024 6:19 AM IST
കൂത്തുപറമ്പ്: കോളയാട് പഞ്ചായത്തിൽ ഉരുൾപൊട്ടൽ ഉണ്ടായ കൊളപ്പ, തെറ്റുമ്മൽ, ചെമ്പുകാവ് പ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾ നേരിട്ടു മനസിലാക്കുന്നതിനായി കൃഷിവകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. ഇക്കഴിഞ്ഞ ജൂലൈ 30 നാണ് കോളയാട് പഞ്ചായത്തിലെ വനമേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായത്. പ്രദേശത്ത് വ്യാപകമായി കൃഷി നാശം സംഭവിക്കുകയും ഒട്ടേറെ പേരെ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു.
കെ.കെ. ശൈലജ എംഎൽഎ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംഘം പരിശോധനയ്ക്കെത്തിയത്. ജില്ലാ കൃഷി ഡപ്യുട്ടി ഡയറക്ടർ എൻ.കെ. ബിന്ദു, പേരാവൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു കെ. മാത്യു, കൃഷി വകുപ്പ് അസിസ്റ്റന്റ് എക്സ്ക്യുട്ടീവ് എൻജിനിയർ സുധീർ നാരായണൻ, എഇ ഇൻചാർജ് ബിന്ദു സുബ്രമണ്യൻ, ഓവർസിയർ ദിവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ചത്.
കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, വൈസ് പ്രസിഡന്റ് കെ.വി. സുധീഷ്, പഞ്ചായത്ത് അംഗം റോയ് പൗലോസ്, കൃഷി ഓഫീസർ ജിസ്ന ജോർജ്, കൃഷി അസിസ്റ്റന്റ് എം. വിപിൻ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.