കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ അപേക്ഷിച്ചാലുടന്‍ വൈദ്യുതി
1458659
Thursday, October 3, 2024 5:50 AM IST
കണ്ണൂർ: പുതിയതായി വൈദ്യുതി കണക്ഷന് അപേക്ഷിക്കുന്നവര്‍ക്ക് അപേക്ഷിച്ച ദിവസം തന്നെ കണക്ഷന് നല്കാന് നോര്‍ത്ത് മലബാര്‍ ചീഫ് എൻജിനിയര്‍ ഓഫീസിനു കീഴിലുള്ള കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ 108 സെക്ഷന്‍ ഓഫീസുകള്‍ ഒരുങ്ങുന്നു. പാക്കേജ് കണക്ഷന് എന്ന പേരില്‍ www. kseb.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി പാക്കേജ് കണക്ഷന് എന്നത് തെരഞ്ഞെടുത്താണ് അപേക്ഷിക്കേണ്ടതും പണം അടയ്ക്കേണ്ടതും.
അപേക്ഷ ഫീസും റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ച എസ്റ്റിമേറ്റ് കോസ്റ്റും ലോഡിന് ആനുപാതികമായ കരുതല്‍ നിക്ഷേപവും ഒന്നിച്ചു ഓണ്‍ലൈനായി അപ്പോള്‍ തന്നെ അടയ്ക്കാം. സ്ഥല പരിശോധന കഴിയുന്നതുവരെ കാത്ത് നില്‍ക്കേണ്ടതില്ല.
ഓഫീസില്‍ നേരിട്ട് വരുന്ന അപേക്ഷകര്‍ രജിസ്ട്രേഷന് സമയത്ത് പാക്കേജ് കണക്ഷന് വേണമെന്ന് അറിയിക്കണം. ഡിമാന്റ് ചെയ്യപ്പെടുന്ന മേല്‍ തുകകള്‍ കാഷ് കൗണ്ടറില്‍ അടച്ചാല്‍ മതി. പോസ്റ്ററില്‍ നിന്നും 35 മീറ്റര്‍ വരെയുള്ള സര്‍വീസ് വയര്‍ മാത്രം മതിയാകുന്ന കണക്ഷനുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക.
35 മീറ്ററില്‍ കൂടുതലുള്ള പോസ്റ്റ് വേണ്ട കണക്ഷനുകള്‍, സര്‍വീസ് വയറിനു സപ്പോര്‍ട്ട് പോസ്റ്റ് വേണ്ടവ എന്നിവ പാക്കേജ് കണക്ഷനില്‍ ഉള്‍പെടുന്നില്ല. റെഗുലേറ്ററി കമ്മീഷന് അംഗീകരിച്ച സമയക്രമം പ്രകാരം അപേക്ഷിച്ച് 30 ദിവസത്തിനുള്ളില്‍ സര്‍വീസ് കണക്ഷന് നല്കിയാല് മതി. ഒക്ടോബര്‍ രണ്ടു മുതല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്ന് നോര്‍ത്ത് മലബാര്‍ ചീഫ് എൻജിനിയര്‍ ഹരീശന്‍ മൊട്ടമ്മല്‍ അറിയിച്ചു.
അപേക്ഷ ഫീസ് 50 രൂപ പ്ലസ് 18 ശതമാനം ജിഎസ്ടി. എസ്റ്റിമേറ്റ് കോസ്റ്റ് സിംഗിള്‍ ഫേസ് അഞ്ചു കിലോവാട്ട് 1914 രൂപ പ്ലസ് 18 ശതമാനം ജിഎസ്ടി. ത്രീ ഫേസ് 10 കിലോവാട്ട് വരെ 4642 രൂപ പ്ലസ് 18 ശതമാനം ജിഎസ്ടി.
അപേക്ഷകര്‍ ശ്രദ്ധിക്കേണ്ടത്
കണക്ഷന് ലഭിക്കേണ്ട കെട്ടിടത്തിനടുത്തുള്ള പോസ്റ്റില്‍ നിന്നും മീറ്റര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനത്തേക്കുള്ള ദൂരം 35 മീറ്റര്‍ കൂടാന്‍ പാടില്ല. 35 മീറ്ററില്‍ കൂടുതലുള്ളത് 35 മീറ്റര്‍ ആണെന്ന് കാണിച്ചു അപേക്ഷിച്ചാല്‍ കണക്ഷന് നല്‍കില്ല. അത്തരം അപേക്ഷകളുടെ മുന്‍ഗണന നഷ്ടപ്പെടുകയും ചെയ്യും.
സർവീസ് വയര്‍ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ക്രോസ് ചെയ്യുന്നെങ്കില്‍ അവരുടെ അനുവാദം മുന്‍കൂട്ടി എഴുതി വാങ്ങിയതിനുശേഷം വേണം പാക്കേജ് ഫീസ് അടയ്ക്കാന്‍. ഉടമസ്ഥാവകാശ രേഖ, തിരിച്ചറിയല്‍ രേഖ, ടെസ്റ്റ് റിപ്പോര്‍ട്ട് എന്നിവ കണക്ഷന് നല്കാന് വരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥനു നല്‍കേണ്ടതാണ്.
വയര്‍മാന്‍ ശ്രദ്ധിക്കേണ്ടത്
ഗാര്‍ഹിക, വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ക്ക് കണക്ഷന് അപേക്ഷിക്കുമ്പോള്‍ വയറിംഗ് പ്രവൃത്തി പരിപൂര്‍ണമായും ചെയ്തിരിക്കണം. കാര്‍ഷിക, നിര്‍മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍മിക്കുന്ന ഷെഡ് /കിയോക്സ് ഉറപ്പുള്ളതായിരിക്കണം. മിറ്റര്ബോക്സ് മഴയും വെയിലും കൊള്ളാതെയും റീഡിംഗ് എടുക്കുന്നതു തടസം ഇല്ലാതെയും സ്ഥാപിക്കണം. പ്രവര്‍ത്തന ക്ഷമമായ ആര്‍സിസിബി സ്ഥാപിച്ചിരിക്കണം.
കണക്ടഡ് ലോഡ്, താരിഫ് എന്നിവ കൃത്യമായി രേഖപ്പെടുത്തണം. സര്‍വീസ് വയറിനു നാല് മീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് ഉറപ്പാക്കുന്ന തിനുള്ള സംവിധാനം ചെയ്യണം. കോണ്‍ട്രാക്ടറും സൂപ്പര്‍വൈസറും വയര്‍മാനും കൂടി ഒപ്പിട്ട ടെസ്റ്റ് റിപ്പോര്‍ട്ട് അപേക്ഷകനെ ഏല്‍പ്പിക്കണം.