മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന് ജില്ലയിൽ തുടക്കമായി
1458642
Thursday, October 3, 2024 5:32 AM IST
കണ്ണൂർ: മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നെടുംപൊയില്‍ 29-ാം മൈലിൽ നിർമിച്ച ശുചിത്വ വേലിയും കണിച്ചാർ പഞ്ചായത്ത് നിർമിച്ച ശുചിത്വ പാർക്കും ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ നിർവഹിച്ചു. മാലിന്യ നിർമാർജനത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന ജില്ലയാണ് കണ്ണൂരെന്ന് മുഖ്യാതിഥി ജില്ലാ കളക്ടർ അരുൺ കെ. വിജയൻ പറഞ്ഞു.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, കേളകംപഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ്, പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, മാലൂർ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമവതി, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.
പാൽച്ചുരം ഇനി കാമറ കണ്ണുകളിൽ
കണ്ണൂർ: മാലിന്യമുക്ത നവ കേരളം ജനകീയ കാമ്പയിൻ പരിപാടിയുടെ ഭാഗമായി അനധികൃതമായി മാലിന്യം തള്ളുന്നവരെ പിടികൂടാൻ പാൽച്ചുരത്തിൽ സിസിടിവി കാമറകൾ പ്രവർത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കൊട്ടിയൂർ പഞ്ചായത്ത് പാൽച്ചുരത്തിൽ സ്ഥാപിച്ച സിസിടിവി കാമറകളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാൻ ജില്ലാ പഞ്ചായത്ത് ആരംഭിച്ച "സ്മാര്‍ട്ട് ഐ' പദ്ധതി പ്രകാരമാണ് കാമറകൾ സ്ഥാപിച്ചത്. കൊട്ടിയൂർ പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും കാമറകൾ നിരീക്ഷിക്കുവാനുള്ള കൺട്രോൾ റൂമുകളുണ്ട്.കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അധ്യക്ഷത വഹിച്ചു.