അൻവറിന്റെ പിന്നിൽ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും: എം.വി. ഗോവിന്ദൻ
1458495
Wednesday, October 2, 2024 8:36 AM IST
കണ്ണൂർ: ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ് പി.വി.അൻവറിന്റെ പിന്നിലെന്ന് സിപി എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമവാർഷികദിനാചരണത്തോടനുബന്ധിച്ച് പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ നടന്ന അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആരൊക്കെ കൊമ്പുകുലുക്കിയാലും കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ ഏത് കടന്നാക്രമണത്തെയും പ്രതിരോധിക്കും. ബൂർഷ്വാ പ്രതിപക്ഷങ്ങളുടെയും മാധ്യമങ്ങളുടെയും കോടാലിയായി പ്രവർത്തിക്കുകയാണ് അൻവർ. എഡിജിപി ഉൾപ്പെട്ടതുൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും സമഗ്ര അന്വേഷണം നടക്കുകയാണ്.
വയനാട് ദുരന്ത ബാധിതർക്കുള്ള സഹായം നൽകുന്നതിൽ രാഷ്ട്രീയം കളിച്ച് കേന്ദ്ര സർക്കാർ കേരള ജനതയെ അപമാനിക്കുകയാണ്. കടുത്ത വിമർശനങ്ങളെ അതിജീവിക്കാനുള്ള കോടിയേരി ടച്ച് എടുത്ത് പറയേണ്ടതാണ്. പാർട്ടിയെ തകർക്കാൻ ജില്ലയെ ദത്തെടുത്ത് ആർഎസ്എസ് അഖിലേന്ത്യാ നേതൃത്വം ആസൂത്രണം ചെയ്ത ശ്രമങ്ങളെ ധീരമായി നേരിട്ട സംഘാടകനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര കമ്മിറ്റിഅംഗം ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, കെ.കെ. ശൈലജ, സ്പീക്കർ എ.എൻ. ഷംസീർ, മന്ത്രി പി. രാജീവ്, പി.ശശി, എം.വി. ജയരാജൻ, പി. ജയരാജൻ, ഡോ.വി. ശിവദാസൻ എംപി, എൻ. ചന്ദ്രൻ, കെ.പി. സഹദേവൻ, ടി.വി. രാജേഷ്, കെ.വി. സുമേഷ് എം എൽഎ, എം.പ്രകാശൻ, പി.ഹരീന്ദ്രൻ, പി.വി.ഗോപിനാഥ്, പി. പുരുഷോത്തമൻ, പി.പി. ദിവ്യ, ടി.കെ. ഗോവിന്ദൻ, പനോളി വത്സൻ, കാരായി രാജൻ, കെടിഡിസി ചെയർമാൻ പി.കെ. ശശി, കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും നേതാക്കളും പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ എത്തിയിരുന്നു.