കേളകം റീജണൽ ബാങ്കിൽ തീപിടിത്തം; 14.25 ലക്ഷം രൂപയുടെ നാശനഷ്ടം
1458494
Wednesday, October 2, 2024 8:36 AM IST
കേളകം: പേരാവൂർ കോ -ഓപ്പറേറ്റീവ് റീജണൽ ബാങ്ക് കേളകം ശാഖയിലുണ്ടായ തീപിടിത്തത്തിൽ കാപ്യൂട്ടറും ഫർണിച്ചറുകളും നശിച്ചു. 14.25 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കേളകം ബസ് സ്റ്റാൻഡിൽ ചോലമറ്റം ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ബാങ്കിൽ ഇന്നലെ പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. സമീപത്തെ ബേക്കറി ജീവനക്കാരനാണ് ആദ്യം കാണുന്നത്. തീ അണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അഗ്നി രക്ഷാസേനേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു.
ബാങ്കിലെ ഇൻവെർട്ടർ, യുപിഎസ്, ഫർണിച്ചർ, സീലിംഗ് തുടങ്ങിയവയാണ് കത്തി നശിച്ചത്. ഇടപാടുകാരുടെ രേഖകൾക്കോ, മറ്റ് പണയ വസ്തുക്കൾക്കോ പോറലേറ്റിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കി. നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ രണ്ടുദിവസം ബാങ്ക് തുറന്നു പ്രവർത്തിക്കില്ല. ഇടപാടുകാർക്ക് ബാങ്കിന്റെ ഹെഡ് ഓഫീസായ പേരാവൂരിലെത്തി ഇടപാടുകൾ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ബാങ്ക് അധികൃതർ അറിയിച്ചു.