ജഡായുപാറയിൽ പ്രവേശനം നിഷേധിക്കപ്പെട്ട അധ്യാപക സംഘത്തിന് നഷ്ടപരിഹാരം
1458490
Wednesday, October 2, 2024 8:36 AM IST
പഴയങ്ങാടി: കൊല്ലം ചടയമംഗലത്തെ വിനോദസഞ്ചാര കേന്ദ്രമായ ജഡായുപ്പാറ പക്ഷിശില്പ സമുച്ചയം സന്ദർശിച്ച അഞ്ചംഗ അധ്യാപക സംഘത്തിന് 52,775 രൂപ നഷ്ടപരിഹാരം നൽകാൻ കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. അധ്യാപകരായ കെ. പത്മനാഭൻ, വി.വി.നാരായണൻ, വി.വി.രവി, കെ.വിനോദ് കുമാർ,കെ.മനോഹരൻ എന്നിവരടങ്ങിയ സംഘം 2023 സെപ്റ്റംബർ ഒന്നിനാണ് നെരുവമ്പ്രത്തുനിന്ന് കാറിൽ കൊല്ലം ജില്ലയിലെ പക്ഷിശില്പവും ശില്പത്തിനകത്തെ തിയറ്ററും മ്യൂസിയവും കാണാൻ പുറപ്പെട്ടത്.
ടിക്കറ്റെടുത്ത് ബേസ് സ്റ്റേഷനിൽനിന്ന് റോപ്പ് വേ മാർഗം ജഡായു പാറയ്ക്കു മുകളിൽ എത്തിയ അധ്യാപക സംഘം ഉൾപ്പടെയുള്ള സന്ദർശകർക്ക് അകത്ത് പ്രവേശനമില്ല എന്ന ബോർഡാണ് കാണേണ്ടി വന്നത്. വഞ്ചനാപരമായ ഇത്തരം നടപടികൾക്കെതിരേ അധികൃതരോടു പരാതിപ്പെട്ടപ്പോൾ അവഹേളിച്ചുവിട്ടു എന്നായിരുന്നു ഹർജി.
ഉഷാ ബ്രിക്കോ ലിമിറ്റഡ്, ജഡായുപ്പാറ ടൂറിസം പ്രൊജക്ട് എന്നീ സ്ഥാപന ഉടമകളാണ് പ്രതികൾ. ജഡായുപ്പാറക്കു മുകളിലെത്തിച്ച് സന്ദർശകർക്ക് അർഹമായ സേവനം നൽകാത്ത സ്ഥാപന ഉടമകളുടെ നിലപാട് ഗുരുതരമായ വീഴ്ചയായി കണ്ടുകൊണ്ടാണ് 25,000 രൂപവീതം രണ്ടു കക്ഷികളും ടിക്കറ്റ് തുകയായ 2775 രൂപ രണ്ടുകക്ഷികൾ കൂട്ടായും ആകെ 52,775 രൂപ ഒരുമാസത്തിനകം നൽകാൻ ഉത്തരവിട്ടത്. ഇതിൽ മുടക്കം വരുത്തുന്നപക്ഷം മാസംതോറും പ്രസ്തുത തുകയുടെ 9 ശതമാനം പലിശ കൂടി നൽകേണ്ടതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. തളിപ്പറമ്പ് ബാറിലെ അഭിഭാഷകൻ ടി.വി. ഹരീന്ദ്രൻ ഹർജിക്കാർക്കുവേണ്ടി ഹാജരായി.