വനമേഖലയിലെ കര്‍ഷകരുടെ താത്പര്യത്തിനു മുന്‍ഗണന: മന്ത്രി
1458488
Wednesday, October 2, 2024 8:36 AM IST
ആറളം: വനമേഖലയിലെ കര്‍ഷകരുടെ താത്പര്യത്തിന് മുന്‍ഗണന നല്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി വനം-വന്യജീവി വകുപ്പ് കണ്ണൂര്‍ ഡിവിഷനില്‍ പൂര്‍ത്തീകരിച്ച റാപ്പിഡ് റെസ്പോണ്‍സ് ടീം ഓഫീസ് കെട്ടിടത്തിന്റെയും കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തിലെ സൗരോര്‍ജ തൂക്കുവേലിയുടെ നിര്‍മാണ പ്രവൃത്തിയുടെയും ഉദ്ഘാടനം ആറളം ഫാമില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കണ്ണൂര്‍ വനവികസന ഏജന്‍സിയുടെ കീഴില്‍ ഫോറസ്റ്റ് വെറ്ററിനറി ഡോക്ടറുടെ സേവനം ഉറപ്പാക്കിയതായും മന്ത്രി പറഞ്ഞു. 2026 പൂര്‍ത്തിയാകുമ്പോഴേക്കും സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം പൂജ്യമാക്കി മാറ്റാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.
നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ 129.80 ലക്ഷം രൂപ വകയിരുത്തി അയ്യൻകുന്ന്,കൊട്ടിയൂര്‍, ആറളം, കേളകം, ഉദയഗിരി പഞ്ചായത്തുകളില്‍ 15.8 കിലോമീറ്റര്‍ ദൂരത്തിലാണ് സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കുന്നത്. രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ ഉള്‍പ്പെടുത്തി ഉളിക്കല്‍ പഞ്ചായത്തില്‍ 42.58 ലക്ഷം രൂപ ചെലവഴിച്ച് അഞ്ച് കിലോമീറ്റര്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കുന്ന പ്രവര്‍ത്തിയും പൂര്‍ത്തീകരിച്ചു വരികയാണ്.
ഇതേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അയ്യൻകുന്ന് പഞ്ചായത്തില്‍ 177.13 ലക്ഷം രൂപ ചെലവഴിച്ച് 20.5 കിലോമീറ്റര്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മിക്കാനുള്ള പ്രവൃത്തി പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍സ് ലിമിറ്റഡിനെ ഏല്‍പ്പിച്ചതായും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ. വേലായുധന്, കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, ഉത്തര മേഖല കണ്ണൂര്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എസ്. ദീപ, കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്. വൈശാഖ് എന്നിവർ പ്രസംഗിച്ചു.