കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വന്‍ സ്വീകാര്യത: മന്ത്രി രാജേഷ്
1458487
Wednesday, October 2, 2024 8:36 AM IST
കണ്ണൂർ: സംസ്ഥാനത്ത് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്. ജില്ലയിലെ കുടുംബശ്രീയുടെ കഫേ മേഖലയിലെ നൂതന ചുവടുവയ്പ്പായ പ്രീമിയം കഫേയുടെ ഉദ്ഘാടനം പായം പഞ്ചായത്തിലെ കുന്നോത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആധുനിക രീതിയില്‍ മികച്ച സൗകര്യങ്ങളോട് കൂടിയ റസ്റ്റോറന്റ് ശൃംഖലയാണ് കുടുംബശ്രീ പുതിയതായി ആരംഭിക്കുന്ന പ്രീമിയം കഫേ. അങ്കമാലി, തൃശൂര്‍, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഏതാനും മാസങ്ങള്‍ കൊണ്ട് രണ്ടര കോടി രൂപയുടെ വിറ്റു വരവാണ് പ്രീമിയം കഫേകള്‍ക്ക് മാത്രം ലഭിച്ചത്.
ജനങ്ങള്‍ കഫേകള്‍ സ്വീകരിച്ചു എന്നതിന് തെളിവാണിതെന്നും മന്ത്രി പറഞ്ഞു.ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന രുചിയുടെ കേന്ദ്രമായി കണ്ണൂരിലെ കഫേയും മാറുമെന്നും മന്ത്രി പറഞ്ഞു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷനായിരുന്നു.