തൂക്കുവേലി നിർമാണം പൂർത്തീകരിക്കാൻ നടപടി വേണം: കേരള കോൺഗ്രസ്-എം
1458468
Wednesday, October 2, 2024 8:36 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാന അടക്കമുള്ള വന്യമൃഗശല്യം തടയുന്നതിനായി ആരംഭിച്ച തൂക്കുവേലി നിർമാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് കേരള കോൺഗ്രസ്-എം ഉദയഗിരി മണ്ഡലം പ്രവർത്തക കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് ഒരുകോടിയിലധികം രൂപ വനംവകുപ്പിൽ നിക്ഷേപിക്കുകയും കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ മേൽനോട്ടത്തിൽ മൈസൂരുവിലുള്ള നാച്വറൽ ഫെൻസിംഗ് എന്ന കമ്പനിയെ പ്രവൃത്തി ഏൽപ്പിക്കുകയും ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് എത്രയും വേഗം സോളാർ തൂക്കുവേലി പ്രാവർത്തികമാക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾ തയാറാകണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്സൺ പല്ലാട്ട് അധ്യക്ഷത വഹിച്ചു. കെ.ടി. സുരേഷ് കുമാർ, സി.ജെ. ജോൺ, ജോയി പള്ളിപ്പറമ്പിൽ, റെജി പൈകട, ബീന സുരേഷ്, ജിനോ പാറേമാക്കൽ, സന്തോഷ് കോനാട്ട്, ജോബി പാറയിൽ, ജോർജ് കിഴക്കേത്തറപ്പേൽ, ജോൺസൺ എലവനാപ്പാറ, റെജി പന്നാംപാറ, പി.കെ. സജീവ്, അനീഷ് കരിയിലകുളം എന്നിവർ പ്രസംഗിച്ചു.