ഇരിട്ടിയിൽ പാർക്കിംഗ് സമയം കൂടിയാൽ ഇന്നുമുതൽ പിഴ
1458122
Tuesday, October 1, 2024 8:05 AM IST
ഇരിട്ടി: ഇരിട്ടി ടൗണിൽ ഇന്നു മുതൽ ആരംഭിക്കുന്ന ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി ഇരിട്ടി പാലം മുതൽ പയഞ്ചേരി മുക്കുവരെയുള്ള ടൗണിലെ പാർക്കിംഗ് സംവിധാനം വിലയിരുത്താൻ സംയുക്ത പരിശോധന നടത്തി. ഇരിട്ടി ടൗണിലെ വ്യാപാരികൾക്കും യാത്രക്കാർക്കും തടസമായി നിൽക്കുന്ന പാർക്കിംഗ്, വഴിയോര കച്ചവടങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടപടി എടുക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ പരിശോധന നടത്തിയത്.
ഇന്നുമുതൽ നഗരസഭ അനുവദിച്ചിരിക്കുന്ന പാർക്കിംഗിൽ അരമണിക്കൂർ മാത്രമായിരിക്കും. പാർക്കിംഗ് നിയമം തെറ്റിക്കുന്ന വാഹന ഉടമകൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കാനാണ് നിർദേശം. ദീർഘനേരം പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കായി ഇരിട്ടി ടൗണിൽ വിവിധ സ്ഥലങ്ങളിലായി പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ 250 രൂപയാണ് പിഴ ചുമത്തുന്നത്.
കാർ പാർക്കിംഗിന് അനുവദിച്ച സ്ഥലം കൈയേറി കച്ചവടം നടത്തുന്ന വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങൾക്ക് മുന്നറിയയിപ്പ് നൽകി. പാർക്കിംഗ് തടസപ്പെടുത്തികൊണ്ട് റോഡിൽ സ്ഥാപിച്ചിരുന്ന പഴക്കൂടകൾ പോലീസ് എത്തി എടുത്തു മാറ്റി. യാത്രക്കാർക്ക് അസൗകര്യം ആകുന്നവിധം പുതിയ സ്റ്റാൻഡിലെ വൺ വേയിലെ ഫുഡ്പാത്തിൽ അനധികൃത പച്ചക്കറി കച്ചവടത്തിനും റോഡിൽ നിരത്തിയിട്ട് പച്ചക്കറി തരംതിരിക്കുന്ന മറ്റൊരു കച്ചവടക്കാർക്കും ആദ്യഘട്ടം എന്നനിലയിൽ മുന്നറിയിപ്പ് നൽകി.
പരിശോധനയിൽ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ഇരിട്ടി സിഐ എ. കുട്ടിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, നഗരസഭാ കൗൺസിലർമാരായ വി.പി. അബ്ദുൾ റഷീദ്, എ.കെ. ഷൈജു, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയൂബ് പൊയിലൻ, അജയൻ പായം, വ്യാപാരി വ്യവസായി പ്രതിനിധികൾ, വിവിധ ട്രേഡ് യൂണിയൻപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.