ഷെയർ ട്രേഡിംഗ് തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ
1454813
Saturday, September 21, 2024 2:04 AM IST
കണ്ണൂർ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പുകേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വീരാജ്പേട്ട കുടക് സ്വദേശി ആദർശ്കുമാറിനെയാണ്( 24) ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ വയനാട് കാട്ടിക്കുളത്തുനിന്നാണ് പ്രതി ടൗൺ പോലീസിന്റെ പിടിയിലാകുന്നത്.
കഴിഞ്ഞവർഷം ജൂൺ മാസത്തിലാണ് പ്രവാസിയായ പള്ളിക്കുന്ന് സ്വദേശിക്ക് 41 ലക്ഷം രൂപ നഷ്ടമായത്. ഫേസ്ബുക്കിൽ കണ്ട പരസ്യത്തെത്തുടർന്നാണ് ഷെയർ ട്രേഡിംഗിൽ നിക്ഷേപം നടത്തിയത്. ആദ്യഘട്ടങ്ങളിൽ ഒന്പതു ലക്ഷം രൂപ വരെ തിരിച്ചു കിട്ടിയിരുന്നു. നല്ല ലാഭം കണ്ടുതുടങ്ങിയതോടെയാണ് വിവിധ ഘട്ടങ്ങളിലായി 41 ലക്ഷം രൂപയോളം നിക്ഷേപിച്ചത്.
പിന്നീട് ഓൺലൈൻ വഴി ലാഭവിഹിതം ഉൾപ്പെടെ കാണാറുണ്ടെങ്കിലും പണം തിരിച്ചെടുക്കാനാകത്തതിനെ തുടർന്നാണ് ചതിക്കുഴിയിൽപ്പെട്ടതായി മനസിലായത്. തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. പണം നിക്ഷേപിച്ച ആദർശ് കുമാറിന്റെ അക്കൗണ്ടുകൾ പരിശോധിച്ച് ടൗൺ പോലീസ് നടത്തിയ സമഗ്ര അന്വേഷണത്തിനൊടുവിലാണ് ഒരു വർഷത്തിനു ശേഷം പ്രതി പിടിയിലായത്.പള്ളിക്കുന്ന് സ്വദേശിയുടെ നിക്ഷേപത്തിൽനിന്ന് നേരിട്ട് പണം തട്ടിയ സംഘത്തിലെ മുഖ്യകണ്ണിയെ പിടിക്കാനായതോടെ സംഘത്തിലെ മറ്റു കണ്ണികളും പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
എസ്ഐമാരായ ഷമീൽ, പ്രദീപൻ,എഎസ്ഐ രാജേഷ്, സിപിഒ വിനിൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ഇത്തരം കേസുകളിൽ ആദ്യമായാണ് നേരിട്ട് പണം തട്ടിയയാൾ അറസ്റ്റിലാകുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.