കെഎസ്ആർടിസി മാനന്തവാടി സർവീസ് സമയം പുനഃക്രമീകരിച്ചു
1454540
Friday, September 20, 2024 1:55 AM IST
വെള്ളരിക്കുണ്ട്: മാനന്തവാടി ഡിപ്പോയിൽനിന്ന് സർവീസ് ആരംഭിച്ച കാഞ്ഞങ്ങാട് ബസിന്റെ സമയം പുനഃക്രമീകരിച്ചു. മാനന്തവാടിയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.45 ന് പുറപ്പെട്ട് ഇരിട്ടി 5.40, ചെറുപുഴ 7.50, ഭീമനടി, വെള്ളരിക്കുണ്ട് 8.30, പരപ്പ 8.40, ഒടയഞ്ചാൽ 9.00, കാഞ്ഞങ്ങാട് 9.30 ന് എത്തുന്ന രീതിയിലുള്ള സമയമാറ്റം യാത്രക്കാർക്ക് ഉപകാരപ്രദമായി.
വയനാട് ഭാഗത്തുനിന്ന് ഉച്ചയ്ക്ക് 2.40 ന് ശേഷം ആലക്കോട്,ചെറുപുഴ വെള്ളരിക്കുണ്ട്, പരപ്പ, ഒടയഞ്ചാൽ ഭാഗത്തേക്ക് ബസുകളില്ല. കൂടാതെ വൈകുന്നേരം 5.00 ന് ശേഷം ഇരിട്ടിയിൽ നിന്ന് ആലക്കോട്, ചെറുപുഴ, ചിറ്റാരിക്കൽ,വെള്ളരിക്കുണ്ട്,പരപ്പ, ഒടയഞ്ചാൽ, കാഞ്ഞങ്ങാട് ഭാഗത്തേക്ക് ബസുകൾ ഒന്നുമില്ലാത്തതിനാൽ മലയോര പ്രദേശത്തെ യാത്രക്കാർക്ക് സമയക്രമീകരണം ഉപകാരപ്രദമായി. വയനാട്, ഇരിട്ടി ഭാഗത്തുനിന്ന് പാണത്തൂർ, പനത്തടി, മാലക്കല്ല്, രാജപുരം, ചുള്ളിക്കര ഭാഗത്തേക്ക് ഒടയഞ്ചാലിൽ നിന്ന് കണക്ഷൻ ബസുകൾ ലഭിക്കുകയും ചെയ്യും.
കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ നിന്ന് രാത്രി സമയത്തു ഷൊർണൂർ വഴി പോകുന്ന ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ്, വിവേക് എക്സ്പ്രസിനും മംഗലാപുരം ജംഗ്ഷൻ വഴി പോകുന്ന പൂർണ എക്സ്പ്രസ്, വെരാവൽ എക്സ്പ്രസ്, ഓഖ എക്സ്പ്രസ് എന്നീ ദീർഘ ദൂര ട്രെയിനുകൾക്ക് പോകുന്ന മലയോര മേഖലയിൽനിന്നുള്ള യാത്രക്കാർക്കും രാത്രി 9.30 ന് കാഞ്ഞങ്ങാട് എത്തുന്ന ഈ സർവീസ് ഉപകരിക്കും.
ഉച്ചകഴിഞ്ഞ് 3.45 ന് മാനന്തവാടിയിൽനിന്ന് കൊട്ടിയൂർ, ഇരിട്ടി, ചെറുപുഴ, വെള്ളരിക്കുണ്ട്, ഒടയഞ്ചാൽ വഴി കാഞ്ഞങ്ങാട്ടേക്കുള്ള കെഎസ്ആർടിസി സർവീസ് വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 70 ൽ പരം കുടിയേറ്റ കേന്ദ്രങ്ങളിലൂടെ പോകുന്നതിനാൽ മലയോര നിവാസികൾക്കും, ബത്തേരി, മീനങ്ങാടി, പുൽപ്പള്ളി, കൽപ്പറ്റ മുതലായ പ്രദേശങ്ങളിൽ നിന്ന് കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ കുടിയേറ്റ മേഖലകളിലേക്ക് വരുന്നവർക്കും ഉപകരിക്കും.
കൂടാതെ റാണിപുരം, പൈതൽമല തുടങ്ങിയ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും പ്രധാന ക്ഷേത്രങ്ങളായ കൊട്ടിയൂർ,പയ്യാവൂർ, ആലക്കോട് അരങ്ങം, ചെറുപുഴ അയ്യപ്പക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കും ചെന്പേരി ബസിലിക്ക ഉൾപ്പെടെയുള്ള തീർഥാടനകേന്ദ്രങ്ങളിലേക്കും ബന്ധപ്പെടാൻ വളരെ ഉപകരിക്കും. രാവിലെ കാഞ്ഞങ്ങാട് നിന്ന് 8.00 ന് പുറപ്പെട്ട് ചെറുപുഴ- 10.15, ഇരിട്ടി- 12.45, മാനന്തവാടി 2.20ന് എത്തുന്ന സമയത്തിൽ മാറ്റങ്ങളില്ല.