വീട്ടുമുറ്റത്ത് ഉണക്കാനിട്ട നൂറിലധികം റബർഷീറ്റ് മോഷണം പോയി
1454231
Thursday, September 19, 2024 1:42 AM IST
ഇരിട്ടി: വീട്ടുമുറ്റത്ത് ഉണക്കാനിട്ട നൂറിലധികം റബർഷീറ്റുകൾ മോഷണം പോയി. കുയിലൂർ താഴ്വാരം ബസ്റ്റോപ്പിനു സമീപത്തെ ശിവഗംഗയിൽ ജിതേഷിന്റെ റബർ ഷീറ്റുകളാണു മോഷണം പോയത്. അയൽപക്കത്തെ വീടിന്റെ മുറ്റത്ത് ഉണക്കാനിട്ട ഷീറ്റുകളാണു മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചയോടെ സ്കൂട്ടറിലെത്തിയ മോഷ്ടാവ് വാഹനത്തിന്റെ ലൈറ്റ് ഓഫാക്കി മുറ്റത്തെത്തി ഷീറ്റ് മോഷ്ടിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ വാഹനത്തിന്റെ നമ്പരോ ആളുടെ രൂപമോ വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
ജിതേഷ് പാട്ടത്തിനെടുത്ത തോട്ടത്തിൽ മഴമറ സ്ഥാപിച്ച് ടാപ്പിംഗ് നടത്തി ഉണങ്ങാൻ സൂക്ഷിച്ച ഷീറ്റുകളാണു മോഷണം പോയത്. ആഴ്ചകൾക്കു മുന്പ് ആളൊഴിഞ്ഞ സ്ഥലത്തെ റബർതോട്ടത്തിൽ ഉണങ്ങാനിട്ട നൂറിലധികം ഷീറ്റ് മോഷണം പോയിരുന്നു. ഇതേ തുടർന്നാണ് ഷീറ്റ് വീട്ടിലേക്കു കൊണ്ടുവന്ന് വീട്ടിലും സമീപ വീടുകളിലുമായി ഉണക്കാനിട്ടത്.
റബറിന്റെ വില 227 രൂപയിലേക്ക് ഉയർന്നതോടെ മലയോരത്ത് വിവിധ പ്രദേശങ്ങളിൽ ചെറുതും വലുതുമായ മോഷണങ്ങൾ പെരുകുകയാണ്. വീടിന്റെ മുറ്റത്തോ പറമ്പിലോ ഉണങ്ങാനിട്ടിരിക്കുന്ന ഷീറ്റുകൾ ആരുടെയും ശ്രദ്ധയിൽ പെടാതെ സംഘം മോഷ്ടിച്ച് കടന്നുകളയുകയാണ്. ഒന്നോ രണ്ടോ ഷീറ്റുകൾ നഷ്ടപ്പെട്ടാൽ തിരിച്ചറിയാതെ പോകുന്നത് മോഷ്ടാക്കൾ മുതലെടുക്കുകയാണ്. ജിതേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പോലീസ് നിരീക്ഷിച്ചുവരികയാണ്.