നെടുംപൊയിൽ ചുരം റോഡിൽ വീണ്ടും വിള്ളൽ
1453953
Wednesday, September 18, 2024 1:27 AM IST
പേരാവൂർ: റോഡ് ഇടിഞ്ഞിനെത്തുടർന്ന് നിർമാണ പ്രവൃത്തി പുരോഗമിക്കുന്ന നെടുംപൊയിൽ -മാനന്തവാടി ചുരം റോഡിൽ വീണ്ടും വിള്ളൽ. നിലവിൽ നിർമാണം പുരോഗമിക്കുന്നതിന്റെ തൊട്ടടുത്തായാണ് വീണ്ടും വിള്ളൽ രൂപപ്പെട്ടത്. ഇതോടെ ഇതുവഴിയുള്ള ചെറുവാഹനഗതാഗതവും പൂർണമായും നിരോധിച്ചു. പൊതുമരാമത്ത് വകുപ്പും ജിയോളജി വകുപ്പ് ജീവനക്കാരും സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തും. കനത്ത മഴയിൽ റോഡിൽ വിള്ളലുകൾ രൂപപ്പെട്ട് റോഡ് ഇടിഞ്ഞുതാണതിനാൽ ഒരു മാസം മുന്പാണ് നെടുംപൊയിൽ -മാനന്തവടി ചുരം പാത ഗതാഗത യോഗ്യമല്ലാതായിത്തീർന്നത്. ഇതോടെ അധികൃതർ ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ച് നിർമാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിരുന്നു.
പിന്നീട് മഴ ശമിച്ചതോടെ ചെറുവാഹനങ്ങൾക്ക് മാത്രം കടന്നു പോകാനായി റോഡ് തുറന്നുനൽകി. എന്നാൽ, നിർമാണ പ്രവൃത്തിക്കിടെ വീണ്ടും വിള്ളൽ രൂപപ്പെട്ടതോടെ ചെറുവാഹനങ്ങൾക്ക് പോലും കടന്നു പോകാൻ കഴിയാത്ത സ്ഥിതിയായി.നിലവിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ കൊട്ടിയൂർ ബോയ്സ് ടൗൺ മാനന്തവാടി വഴിയിലൂടെയാണ് സർവീസ് നടത്തുന്നത്. നെടുംപൊയിൽ- മാനന്തവാടി ചുരം പാതയിൽ ബസുകൾക്ക് നിരോധനമുണ്ടായിരുന്നെങ്കിലും പ്രദേശവാസികൾ ചെറുവാഹനങ്ങളെ ആശ്രയിച്ചാണ് പേരാവൂരിലും നെടുംപൊയിലിലും എത്തിച്ചേർന്ന് മാനന്തവാടിയിലേക്കും തലശേരി ഭാഗത്തേക്കും യാത്ര ചെയ്തിരുന്നത്.