കണ്ണൂർ പഴയ ബസ് സ്റ്റാൻഡും സുരക്ഷിതമല്ല
1453760
Tuesday, September 17, 2024 1:51 AM IST
കണ്ണൂർ: ഇരുൾ വീണാൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡും ഇരുട്ടിലാകും. പഴയ ബസ്സ്റ്റാൻഡിലേയും പരിസരത്തെയും തെരുവുവിളക്കുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. കടകളിൽ നിന്നുള്ള വെളിച്ചം മാത്രമാണ് ബസ്സ്റ്റാൻഡിനെ അൽപമെങ്കിലും പ്രകാശിതമാക്കുന്നത്. കടകൾ അടച്ചുകഴിഞ്ഞാൽ ബസ്സ്റ്റാൻഡ് വീണ്ടും ഇരുട്ടിലേക്ക്. പിന്നെ, നഗരമധ്യത്തിലെ അധോലോകമായി മാറുകയാണ് ഇവിടം. പിടിച്ചുപറിക്കാരുടെയും സാമൂഹ്യവിരുദ്ധരുടെയും മദ്യപന്മാരുടെയും വിഹാര കേന്ദ്രമായി മാറും.
ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും ബസ് സ്റ്റാൻഡിന്റെ സമീപത്തായി കൂട്ടിയിട്ടിട്ടുണ്ട്. ഇതുകാരണം തെരുവുനായകൾ കൂട്ടത്തോടെയാണ് ഇവിടെ വിഹരിക്കുന്നത്. ചിലപ്പോൾ ഇവ അക്രമകാരികളാകാറുമുണ്ട്. സമീപത്തെ വ്യാപാരികളും മറ്റും പല തവണ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും അവർ മൗനവൃതത്തിലാണ്.
പരിഗണിക്കാം പരിഗണിക്കാം എന്ന് പറയുന്നതല്ലാതെ പഴയ ബസ് സ്റ്റാൻഡിൽ യാതൊരു നവീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല.
നഗരത്തിലെ പ്രധാന കച്ചവടകേന്ദ്രവും സാധാരണക്കാരും പല സ്ഥാപനങ്ങളിലെ ജീവനക്കാരും യാത്രയ്ക്കു ആശ്രയിക്കുന്നതുമായ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് എപ്പോഴും തിരക്കുള്ള ഇടമാണ്. സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടകേന്ദ്രമായതിനാൽ സന്ധ്യമയങ്ങിയാൽ സ്ത്രീകളൊന്നും ഈ ഭാഗത്തേക്ക് പോകാറേയില്ല. നേരത്തെ ഇവിടെ എയ്ഡ് പോസ്റ്റിൽ പോലീസ് സേവനവും സ്ത്രീ സുരക്ഷയ്ക്കായി പോലീസിന്റെ റെഡ് ബട്ടണും പിങ്ക് പോലീസിന്റെയും മറ്റും നിരീക്ഷണവും ഉണ്ടായിരുന്നു. എന്നാൽ, ഇവയൊക്കെ ഇപ്പോൾ നിലച്ചിരിക്കുകയാണ്.
ഇടയ്ക്ക് പോലീസ് പട്രോളിംഗ് നടക്കുന്നുണ്ടെങ്കിലും അതുകൊണ്ട് വലിയ പ്രയോജനം ഇല്ലെന്നാണ് ഇവിടെയെത്തുന്നവർ പറയുന്നത്. പഴയ ബസ് സ്റ്റാൻഡിലെത്തുന്നയാളുകളുടെ സുരക്ഷയ്ക്കായി പോലീസിന്റെയും കോർപറേഷന്റെയും നേതൃത്വത്തിൽ നിരവധി പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഒന്നും നടപ്പിലായില്ല. പഴയ ബസ് സ്റ്റാൻഡിന്റെ സമീപത്തെ തെരുവുവിളക്കുകൾ സ്ഥാപിച്ച് യാത്ര സുരക്ഷിതമാക്കണമെന്നാണ് ഇവിടെ എത്തുന്നവരുടെ ആവശ്യം.