ഉത്രാടപ്പാച്ചിൽ കടന്ന് തിരുവോണത്തിലേക്ക്
1453610
Sunday, September 15, 2024 6:37 AM IST
കണ്ണൂർ: മാവേലിയെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളും പൂർത്തിയായി. ഉത്രാടപ്പാച്ചിലായ ഇന്നലെ കടകളിലെല്ലാം ഉത്സവപ്രതീതിയായിരുന്നു. രാവിലെ മുതൽ തന്നെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും പച്ചക്കറി, പലവ്യഞ്ജന കടകളിലും തെരുവുകച്ചവട സ്ഥലങ്ങളിലും തിരക്കോട് തിരക്കായിരുന്നു. രാവിലെ പെയ്ത മഴ അല്പം ആശങ്ക ഉയർത്തിയെങ്കിലും പിന്നീട് കാലാവസ്ഥ അനുകൂലമായതിനാൽ എല്ലാവരും അവസാനഘട്ട ഒരുക്കങ്ങൾക്കായി നഗരത്തിൽ എത്തി. ഇതോടെ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.
തിരക്ക് നിയന്ത്രിക്കാൻ അധികൃതർ ശ്രമിച്ചിരുന്നെങ്കിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം പരിസരം, തലശേരി, പയ്യന്നൂർ, ഇരിട്ടി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പാനൂർ ടൗണുകളിൽ തെരുവുകച്ചവടം തിരക്കേറി. പൂക്കൾക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് വില വളരെ കൂടുതലുമാണ്. എന്നാൽ, ഇന്നലെ വൈകുന്നേരം മാത്രമാണ് പൂക്കൾ വിലകുറച്ച് വിൽക്കാൻ തുടങ്ങിയത്. ജില്ലയിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും വൻ തിരക്കായിരുന്നു.
പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചാൽ ബീച്ചുകളിൽ ഇന്നലെ വൈകുന്നേരം നൂറുകണക്കിന് ആളുകളാണ് എത്തിയത്. ജില്ലയിലെ വിവിധ ക്ലബുകൾ കേന്ദ്രീകരിച്ച് ഓണാഘോഷ പരിപാടികളും ഉത്രാടദിനത്തിൽ നടത്തിയിരുന്നു.