കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ പ്രിന്‍സിപ്പൽ ഇല്ലാതെ രണ്ടരമാസം
1453609
Sunday, September 15, 2024 6:37 AM IST
പരിയാരം: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ പ്രിന്‍സിപ്പൽ ഇല്ലാതെ രണ്ടരമാസം കഴിഞ്ഞിട്ടും നിയമനം നടക്കാത്തതിൽ പ്രതിഷേധം ശക്തം. രണ്ടരമാസം മുമ്പ് ട്രാന്‍സ്ഫറായി പോയ പ്രിന്‍സിപ്പൽ ഡോ. ടി.കെ. പ്രേമലതക്ക് പകരം നിയമിച്ച കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിലെ മനോരോഗ വിഭാഗം തലവനായ ഡോക്ടര്‍ ഹൈക്കോടതിയെ സമീപിച്ച് സ്ഥലംമാറ്റം റദ്ദ് ചെയ്തിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സീനിയോറിറ്റി ലിസ്റ്റിലെ തൊട്ടടുത്തയാളെ കണ്ണൂരിലേക്കു നിയമിക്കണം. എന്നാൽ, ആരോഗ്യവകുപ്പ് നിയമനം നടത്താതെ അലംഭാവം കാണിക്കുന്നതായാണ് പരാതി ഉയരുന്നത്.
നിലവില്‍ വൈസ് പ്രിന്‍സിപ്പലായ ഡോ. ഷീബ ദാമോദറിനാണ് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മുഴുവന്‍സമയ പ്രിന്‍സിപ്പൽ ഇല്ലാത്തത് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജ് കാമ്പസിലെ പഴയ കെട്ടിടങ്ങളിലെ കൈയേറ്റം ഉള്‍പ്പെടെ പല കാര്യങ്ങളിലും പ്രിൻസിപ്പൽ ഇടപെടല്‍ നടത്തേണ്ടതാണ്. പ്രിന്‍സിപ്പൽ ഇല്ലാത്തത് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ഉള്‍പ്പെടെ അറിയിച്ചിട്ടും നിയമനം നടത്താത്തതിനു പിറകില്‍ ദുരൂഹതകളുണ്ടെന്ന് ഒരുവിഭാഗം ജീവനക്കാരും വിദ്യാർഥികളും ആരോപിക്കുന്നു.