ട്രാഫിക് എസ്ഐയെ മർദിച്ച ബസ് യാത്രക്കാരനെതിരേ കേസ്
1453604
Sunday, September 15, 2024 6:37 AM IST
കണ്ണൂർ: ട്രാഫിക് എസ്ഐയെ മർദിച്ച സംഭവത്തിൽ ബസ് യാത്രക്കാരനെതിരേ കേസെടുത്തു. ട്രാഫിക് എസ്ഐ മനോജ്കുമാറിന്റെ പരാതിയിൽ കൊളച്ചേരിയിലെ ടി.വി. നിസാറിന് (42) എതിരേയാണു കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച രാവിലെ 11.15 ഓടെ താഴെചൊവ്വ തെഴുക്കിലെ പീടികയിലായിരുന്നു സംഭവം.സ്ഥിരമായി ട്രാഫിക് കുരുക്കനുഭവപ്പെടുന്ന താഴെ ചൊവ്വയിൽ വച്ച് കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎൽ18 ആർ5664നമ്പർ കിംഗ് ലയൺ ബസ് മറ്റ് വാഹനങ്ങളും ഡിവൈഡറും മറികടന്ന് വന്നതിനെ തുടർന്ന് ട്രാഫിക് പോലീസ് ബസ് നിർത്താൻ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
ബസ്ഡ്രൈവറോട് ലൈസൻസ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ബസിൽ നിന്നും ഓടി വന്ന നിസാർ ട്രാഫിക് എസ്ഐയോട് നീയാരാടാ എന്റെ ബസ് പിടിക്കാനെന്ന് പറഞ്ഞ് അസഭ്യഭാഷയിൽ തെറി വിളിക്കുകയും കോളറിൽ കയറിപ്പിടിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു.