ഗവ. കോളജിന് സ്ഥലം നല്കി; സ്വന്തം സ്ഥലത്തേക്ക് വഴി നിഷേധിക്കപ്പെട്ട് കയ്യൂർ രക്തസാക്ഷി കുടുംബാംഗം
1453166
Saturday, September 14, 2024 1:44 AM IST
എളേരിത്തട്ട്: മലയോരമേഖലയിൽ സർക്കാർ കോളജ് തുടങ്ങാൻ നാലേക്കർ ഭൂമി സൗജന്യമായി നല്കിയ കയ്യൂർ രക്തസാക്ഷി കുടുംബാംഗത്തിന് സ്വന്തം സ്ഥലത്തേക്ക് വഴി നിഷേധിച്ച് അധികൃതർ. കയ്യൂർ സമരവുമായി ബന്ധപ്പെട്ട് തൂക്കിലേറ്റപ്പെട്ട പൊടോര കുഞ്ഞമ്പു നായരുടെ മരുമകനും മുതിർന്ന സിപിഐ നേതാവുമായ പൊടോര അപ്പുനായരെന്ന പി.എ. നായരാണ് 84-ാം വയസിലും വഴിക്കു വേണ്ടി കാത്തിരിപ്പ് തുടരുന്നത്.
1981 ൽ ഇ.കെ. നായനാർ ആദ്യമായി മുഖ്യമന്ത്രിയായപ്പോഴാണ് എളേരിത്തട്ടിൽ ഗവ. കോളജ് അനുവദിച്ചത്. മലയോര മേഖലയിൽ ആദ്യമായി അനുവദിച്ച ഉന്നതവിദ്യാഭ്യാസകേന്ദ്രത്തിന് പത്തേക്കറിലധികം ഭൂമി സൗജന്യമായി നല്കാൻ പി.എ. നായരും മറ്റു കുടുംബാംഗങ്ങളും സന്നദ്ധമായി. ഇതിൽ നാലേക്കർ സ്ഥലം പി.എ. നായരുടെ സംഭാവനയായിരുന്നു. കോളജിന് പിന്നീട് ഇ.കെ. നായനാരുടെ പേര് നല്കുകയും ചെയ്തു.
കോളജിന് നല്കിയ ഭൂമിയിലൂടെയായിരുന്നു പി.എ. നായരുടെ ബാക്കി സ്ഥലത്തേക്കുള്ള വഴി കടന്നുപോയിരുന്നത്. 2007 ൽ കോളജിന്റെ ഭൂമി ചുറ്റുമതിൽ കെട്ടി അടച്ചതോടെ ഈ വഴി അടഞ്ഞു. കോളജിനുവേണ്ടി കാൽനൂറ്റാണ്ടു മുമ്പ് സൗജന്യമായി സ്ഥലം നല്കിയ കുടുംബമാണെന്ന കാര്യമൊന്നും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെയോ റവന്യൂ വകുപ്പിന്റെയോ പരിഗണനയിൽ വന്നില്ല.
സ്വന്തം സ്ഥലത്തേക്കുള്ള വഴി നിഷേധിക്കപ്പെട്ടതോടെ പി.എ. നായർ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. ന്യായമായ വഴി അനുവദിച്ച് പ്രശ്നം പരിഹരിക്കാൻ കമ്മീഷൻ റവന്യൂ വകുപ്പിനോട് നിർദേശിച്ചു. ഇതിനിടെ കോളജ് വികസനസമിതി യോഗവും പി.എ. നായർക്കും കുടുംബത്തിനും വഴി വിട്ടുനല്കണമെന്ന ആവശ്യം കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ 50 മീറ്റർ നീളത്തിലും നാലു മീറ്റർ വീതിയിലും മാത്രം വഴി വിട്ടുനല്കാനാണ് റവന്യു വകുപ്പിനു വേണ്ടി ഈ വിഷയം പരിഗണിച്ച ആർഡിഒ ഉത്തരവിറക്കിയത്.
100 മീറ്റർ നീളത്തിൽ വഴി ലഭിച്ചാൽ മാത്രമേ പി.എ. നായരുടെ സ്ഥലത്തേക്ക് എത്താൻ കഴിയുകയുള്ളൂവെന്ന കാര്യം ആർഡിഒ പരിഗണിച്ചില്ല. 50 മീറ്റർ മാത്രം മാറ്റിവച്ച് ബാക്കിഭാഗം മതിൽകെട്ടി അടയ്ക്കുകയും ചെയ്തു. ഇതോടെ ഈ സ്ഥലത്ത് വീട് നിർമിക്കാനുള്ള പി.എ. നായരുടെ പദ്ധതി പാതിവഴിയിലായി. വീടിനായി ഇറക്കിയ ചെങ്കല്ലും പൂഴിയും ഇപ്പോഴും ഈ സ്ഥലത്ത് കാടുപിടിച്ച് കിടക്കുകയാണ്. വഴിക്കുവേണ്ടിയുള്ള പി.എ. നായരുടെ കാത്തിരിപ്പ് അന്നുമുതൽ തുടരുകയാണ്. ആദ്യമായി അപേക്ഷ നല്കിയ 2007 ൽ എൽഡിഎഫ് സർക്കാരാണ് സംസ്ഥാനം ഭരിച്ചിരുന്നത്.
റവന്യൂവകുപ്പിന്റെ ചുമതല പി.എ. നായരുടെ സ്വന്തം പാർട്ടിയായ സിപിഐയ്ക്കായിരുന്നു. എന്നാൽ വ്യക്തിപരമായ ആവശ്യത്തിനായി അധികാരസ്ഥാനങ്ങളിൽ സ്വാധീനം ചെലുത്താൻ അന്ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന പി.എ. നായർ ഒരുക്കമായിരുന്നില്ല. അതിനുശേഷവും പലതവണയായി എൽഡിഎഫും സിപിഐയും അധികാരസ്ഥാനങ്ങളിലിരിക്കുമ്പോഴും താൻ തന്നെ നല്കിയ സ്ഥലത്തുനിന്ന് കേവലം 50 മീറ്റർ നീളത്തിലുള്ള വഴി വിട്ടുകിട്ടുന്നതിനായി പി.എ. നായരുടെ കാത്തിരിപ്പ് തുടരുകയാണ്. കോളജിന്റെ ഭാഗത്തുനിന്ന് എതിർപ്പില്ലെന്നു പറഞ്ഞിട്ടും വഴി വിട്ടുനല്കുന്നതിനുള്ള സാങ്കേതിക തടസം എന്താണെന്ന് വ്യക്തമല്ല.
കോളജിനുവേണ്ടി സൗജന്യമായി സ്ഥലം നല്കിയ വ്യക്തിക്ക് ബാക്കിയുള്ള സ്വന്തം സ്ഥലത്തേക്ക് പോകുന്നതിനുള്ള വഴി കെട്ടിയടച്ച നടപടിയെ ഉന്നതവിദ്യാഭ്യാസ വിപ്ലവമെന്ന് പരിഹസിച്ച് പ്രഫ.എം.എൻ. വിജയന്റെ മകനും ഇടതുപക്ഷ ചിന്തകനുമായ വി.എസ്. അനിൽകുമാർ രംഗത്തെത്തി.
പഴയ ജന്മിത്തമ്പുരാൻ കുടിയാന്മാരോട് കാണിക്കുന്നതുപോലുള്ള ഔദാര്യമാണ് സ്ഥലത്തിന്റെ യഥാർഥ ഉടമയോട് റവന്യൂവകുപ്പ് കാണിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.