കുരങ്ങിന്റെ ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റ വീട്ടമ്മയ്ക്ക് പ്ലാസ്റ്റിക് സർജറി
1452892
Friday, September 13, 2024 1:30 AM IST
ഇരിട്ടി: സ്വന്തം പുരയിടത്തിൽ വച്ച് കുരങ്ങിന്റെ ആക്രമണത്തിൽ കണ്ണിന് പരിക്കേറ്റ വീട്ടമ്മയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയയാക്കി. പടിയൂർ പഞ്ചായത്തിലെ കുയിലൂർ വളവിന് സമീപം സതീനിലയത്തിൽ സതീദേവിയെയാണ് (64) കുരങ്ങ് ആക്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സതീദേവിയെ കുരങ്ങ് ആക്രമിച്ചത്. വീടിന് പിറകിൽനിന്നും ശബ്ദം കേട്ടതിനെത്തുടർന്ന് ചെന്നു നോക്കിയപ്പോൾ കുരങ്ങ് തേങ്ങ പറിച്ച് എറിഞ്ഞു പരിക്കേൽപ്പിക്കുകയായിരുന്നു.
കണ്ണിനും ഇടതു പുരികത്തിനും പരിക്കേറ്റ ഇവർ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഹൃദയസംബന്ധമായ അസുഖത്തിന് മരുന്ന് കഴിച്ചുവരുന്നതിനാൽ മുറിവിൽ നിന്നുള്ള രക്തപ്രവാഹം നിലയ്ക്കാത്ത അവസ്ഥയിലായിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തിര പ്ലാസ്റ്റിക് സർജറി നടത്തുകയായിരുന്നു. ഒരാഴ്ചയായി ഇവർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്.
കുയിലൂരും സമീപ പ്രദേശങ്ങളിലും കൂട്ടത്തോടെ എത്തുന്ന കുരങ്ങുകൾ വിളകൾ നശിപ്പിക്കുന്നത് നിത്യസംഭവമാണ്. കൂട്ടത്തിലെ ആക്രമണകാരികളായ കുരങ്ങുകളാണ് പ്രശ്നക്കാർ. കുട്ടികൾക്ക് നേരെയും മുതിർന്നവർക്ക് നേരെയും ഇവ അക്രമസ്വാഭാവം കാണിക്കുന്നുണ്ട്. ആറളം വന്യജീവി സങ്കേതത്തിൽ മങ്കി മലേറിയ പോലുള്ള രോഗങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനവാസ മേഖലയിൽ നിന്നും കുരങ്ങുകളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.