കണ്ണൂരിനെ സ്നേഹിച്ച കമ്യൂണിസ്റ്റ്
1452891
Friday, September 13, 2024 1:30 AM IST
നിശാന്ത് ഘോഷ്
കണ്ണൂർ: മൂന്നാമൂഴത്തിൽ സിപിഎം ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സീതാറാം യെച്ചൂരി ഏറെ സന്തോഷത്തോടെയായിരുന്നു മാധ്യമങ്ങളെ കണ്ടത്. അന്നത്തെ പത്രസമ്മേളനത്തിന് ശേഷം പാർട്ടികാര്യങ്ങൾ സംസാരിച്ചു കഴിഞ്ഞുള്ള കുശലംപറച്ചിലുകൾക്കിടയിൽ ഒരു കാര്യം കൂടി പറഞ്ഞു. പോരാട്ടത്തിന്റെ പാരന്പര്യമുള്ള കണ്ണൂരിൽ നിന്ന് ലഭിച്ച മൂന്നാമൂഴത്തിന് പ്രത്യേക സന്തോഷമുണ്ടെന്നായിരുന്നു യെച്ചൂരി പറഞ്ഞത്.
കാരണം കണ്ണൂരിനെ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു യെച്ചൂരി, എകെജിയുടെയും നായനാരുടെയും പ്രവർത്തനരീതികളോടുള്ള താത്പര്യവും കണ്ണൂരിന്റെ പോരാട്ട പാരന്പര്യവും യെച്ചൂരിക്ക് പ്രിയപ്പെട്ടതായിരുന്നു. കൂടാതെ കണ്ണൂർ മോഡൽ വികസനത്തിന്റെ വക്താവ് കൂടിയായിരുന്നു അദ്ദേഹം. വികസനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിലും സെമിനാറുകളിലും അദ്ദേഹം കണ്ണൂർ മോഡൽ വികസനം ആവർത്തിച്ചു പറയുമായിരുന്നു.
കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ മലബാറിലെ കമ്യൂണിസ്റ്റ് ചരിത്രവുമായി ബന്ധമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിലും ഏറെ തത്പരനായിരുന്നു യെച്ചൂരി. കണ്ണൂരിൽ നിന്നുള്ള നേതാക്കളുമായും അദ്ദേഹം എല്ലാകാലത്തും ഏറെ അടുപ്പവും പുലർത്തിയിരുന്നു.