വെമ്പുഴ പാലം നിർമാണം വൈകുന്നത് അനാസ്ഥയെന്ന് ആക്ഷേപം
1452885
Friday, September 13, 2024 1:30 AM IST
ഇരിട്ടി: മലയോര ഹൈവേയിൽ വെമ്പുഴ പാലത്തിന്റെ നിർമാണം വൈകുന്നത് ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും അനാസ്ഥയാണെന്ന് കരിക്കോട്ടക്കരി വികസന സമിതി കുറ്റപ്പെടുത്തി. കരിക്കോട്ടക്കരി ടൗണിൽ ചേർന്ന സായാഹ്ന ധർണയിലാണ് ഉദ്യോഗസ്ഥർക്കെതിരെയും കരാറുകാർക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നത്.
വള്ളിത്തോട് ആനപ്പന്തി കവല മുതൽ മണത്തന വരെ 83 കോടി രൂപയിൽ നിർമാണം പുരോഗമിക്കുന്ന മലയോര ഹൈവേയുടെ പ്രവൃത്തികൾ 18 മാസമായിട്ടും ഇഴഞ്ഞു നീങ്ങുകയാണെന്ന് ധർണയിൽ പ്രസംഗിച്ചവർ ചൂണ്ടിക്കാണിച്ചു. ജില്ലയിലെ പ്രധാന കരാറുകൾ എല്ലാം കയ്യാളുന്ന ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനി ഉദ്യോഗസ്ഥരെ പോലും മാനിക്കാതെയാണ് നിർമാണ പ്രവർത്തികൾ നടത്തുന്നതെന്ന് യോഗത്തിൽ ആക്ഷേപമുയർന്നു.
വെമ്പുഴ പാലത്തിന്റെ നിർമാണം എട്ട് മാസം പിന്നിടുമ്പോഴും പകുതി വഴിയിൽ നിൽക്കുന്നത് കരിക്കോട്ടക്കരി ഉൾപ്പെടെ മലയോര മേഖലയിലെ ജനങ്ങൾക്ക് കടുത്ത യാത്ര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കരിക്കോട്ടക്കരി ടൗണിൽ നടന്ന സായാഹ്ന ധർണ പഞ്ചായത്ത് അംഗം സിബി വാഴക്കാല ഉദ്ഘാടനം ചെയ്തു. എൻ.പി. തോമസ് അധ്യക്ഷത വഹിച്ചു. അബ്രഹാം വെട്ടിക്കൽ, മനോജ് എം കണ്ടത്തിൽ, ബിജു വർഗീസ്, എൻ.പി. ജോസഫ്, ആന്റണി, വർക്കി കോയിക്കലോട്ട്, ടോമി ഞെട്ടറ്റമാലിൽ എന്നിവർ പ്രസംഗിച്ചു.