ലൈഫ് വീടുപണി പാതിയിൽ; വിളമന കുടുന്പിൽ സങ്കേതത്തിൽ രണ്ടു കുടുംബങ്ങൾ ദുരിതത്തിൽ
1452884
Friday, September 13, 2024 1:30 AM IST
ഇരിട്ടി: ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച വീടുകളുടെ പണി പാതിയിൽ നിലച്ചതോടെ പായം നിരങ്ങൻ ചിറ്റയിലെ വിളമന കുടുന്പിൽ സങ്കേതത്തിലെ രണ്ടു കുടുംബങ്ങൾ ദുരിതത്തിൽ. ജാനു-ഗോപാലൻ ദന്പതികൾക്കും ശാരദ എന്നവർക്കും ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകളുടെ നിർമാണമാണ് നാലുമാസമായി നിലച്ചത്.
ആകെ നാല് വീടുകൾക്കാണ് ഇവിടെ അനുമതി ലഭിച്ചത്. ഇവയുടെ നിർമാണത്തിന് മൂന്നെണ്ണം ഒരാളും ഒന്ന് മറ്റൊരാളുമാണ് കരാറെടുത്തത്. ഒരു വീട് നിർമാണത്തിന് കരാറെടുത്തയാൾ നിർമാണം പൂർത്തിയാക്കി വീട് കൈമാറിയെങ്കിലും മൂന്ന് വീടുകളുടെ കരാറെടുത്തയാൾ ഒരു വീട് പോലും പൂർത്തിയാക്കിയിട്ടില്ല. ആകെ ഒരു വീടിന്റെ പ്ലാസ്റ്ററിംഗ് ജോലി മാത്രമാണ് ഇയാൾ ചെയ്തത്. രണ്ടു വീടുകളുടെ കോൺക്രീറ്റിംഗ് നടത്തിയെങ്കിലും തുടർ പ്രവൃത്തികൾ ചെയ്യാത്തതോടെ ഇവിടെ കാട് കയറിയും കോൺക്രീറ്റ് ചോർന്നൊലിക്കുന്ന നിലയിലുമാണ്.
മഴയാണ് നിർമാണപ്രവർത്തനം തടസപ്പെടാൻ കാരണമെന്നാണ് അധികൃതർ നിരത്തുന്ന ന്യായം. എങ്കിലും മഴക്ക് മുന്പ് തന്നെ കോൺക്രീറ്റ് പൂർത്തിയാക്കിയ കരാറുകാരൻ സൺഷെയ്ഡിൽ അടിച്ച ഷീറ്റ് വരെ പൊളിച്ചു നീക്കിയിട്ടില്ല. വീട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കരാറുകാരനെ ബന്ധപ്പെട്ട് ഉടൻ നിർമാണം പുനരാരംഭിക്കാൻ ആവശ്യപെട്ടിട്ടുണ്ട്.
ജീവിതം ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് ഷെഡിൽ
കോൺക്രീറ്റ് മാത്രം പൂർത്തിയാക്കിയ വീടിന് നാലു ലക്ഷം രൂപ കരാറുകാരൻ കൈപ്പറ്റിയതായാണ് അധികൃതർ പറയുന്നത്. മഴക്കാലത്തിന് മുന്പ് കോൺക്രീറ്റ് പൂർത്തിയാക്കിയ വീടിന് കൃത്യമായ ക്യൂറിംഗ് നടന്നിട്ടില്ല എന്നാണ് ഉടമകൾ പറയുന്നത്. നിലവിൽ കഴിഞ്ഞിരുന്ന വീട് പൊളിച്ചതോടെ കുടുംബങ്ങൾ താൽകാലികമായി നിർമിച്ച പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിലാണ് കഴിയുന്നത്.
കനത്ത മഴയിൽ പരിതാപകരമായ സഹചര്യത്തിലാണ് രണ്ട് കുടുംബങ്ങളും. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ചുകെട്ടിയ ശുചിമുറിയിലാണ് ഇവർ പ്രാഥമിക കർമങ്ങൾ നിർവഹിക്കുന്നത് .