തളിപ്പറമ്പ്: പ്രതിസന്ധികളോട് പടവെട്ടി കർഷക വനിതകളുടെ കൂട്ടായ്മകൾ നേടിയത് കരനെൽ കൃഷിയിലെ വിജയം. ചാലത്തൂർ കൈരളി വനിത ഗ്രൂപ്പിന്റെയും ഒരുമ വനിത ഗ്രൂപ്പിന്റെയും നേതൃത്വത്തിലുള്ള വനിതാ കൂട്ടായ്മയാണ് കരനെൽ കൃഷിയിൽ നേട്ടം കൊയ്തത്. വയലുകളിൽ കൃഷി ചെയ്തിരുന്ന കൂട്ടായ്മ കഴിഞ്ഞ വർഷം മുതലാണ് കുന്നിൻ മുകളുകളിലെ തരിശു നിലത്ത് കൃഷി തുടങ്ങിയത്.
കാടുപിടിച്ച് കിടന്ന ഭൂമി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വൃത്തിയാക്കി. കാലാവസ്ഥ വ്യതിയാനം പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും കൃഷി ഭവന്റെയും നഗരസഭയുടെയും പിന്തുണ ലഭിച്ചതോടെ അവയെല്ലാം അതിജീവിച്ച് കൃഷി വിജയകരമാക്കാനായെന്ന് കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു. നെല്ലിനു പുറമേ പച്ചക്കറിക്കൃഷിയും ഇവർ ചെയ്യുന്നുണ്ട്. വെള്ളക്കെട്ടും വന്യ ജീവികളുടെ ശല്യവും കാരണം വയലിൽ കൃഷി ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് കരനെൽ കൃഷിയിലേക്ക് മാറിയത്.