എംഎസ്എഫ് സ്ഥാനാർഥികളുടെ നോമിനേഷൻ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ്
1451243
Saturday, September 7, 2024 1:37 AM IST
തളിപ്പറമ്പ്: സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎസ്എഫിന്റെ നോമിനേഷനുകൾ തള്ളിയ നടപടിക്കെതിരേ ഹൈക്കോടതി. എംഎസ്എഫിന്റെ നോമിനേഷൻ സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോടതി നടപടി സ്വാഗതാർഹമെന്ന് എംഎസ്എഫ് നിയോജക മണ്ഡലം കമ്മിറ്റി പറഞ്ഞു.
യുയുസി, അസോസിയേഷൻ സെക്രട്ടറി അടയ്ക്കമുള്ള സീറ്റുകളിൽ എംഎസ്എഫ് സ്ഥാനാർഥികളുടെ നോമിനേഷനുകളാണ് റിട്ടേണിംഗ് ഓഫീസർ തള്ളിയത്. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ പോസ്റ്റിൽ കൗൺസിലേർസ് എന്ന് ചേർത്തില്ല എന്ന് കാരണം പറഞ്ഞാണ് കഴിഞ്ഞ ദിവസം എംഎസ്എഫ് സ്ഥാനാർഥികളുടെ നോമിനേഷൻ തള്ളിയത്.
തുടർന്ന് യൂണിവേഴ്സിറ്റി അധികൃതർ അടക്കമുള്ളവർക്ക് പരാതി നല്കിയെങ്കിലും അനുകൂലമായ തീരുമാനം ഇല്ലാത്തതിനാലാണ് എംഎസ്എഫ് സ്ഥാനാർഥികളായ ഫർഷിദ്, മാസിൻ എന്നിവർ ലോയേഴ്സ് ഫോറം സംസ്ഥാന ട്രഷറർ എം. മുഹമ്മദ് ഷാഫി, ജില്ലാ പ്രസിഡന്റ് മുഹമ്മദ് അനീഫ് പുളുക്കൂൽ എന്നിവർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. റിട്ട് ഫയലിൽ സ്വീകരിച്ച കോടതി നോമിനേഷൻ തള്ളിയ റിട്ടേണിംഗ് ഓഫീസറുടെ നടപടി സ്റ്റേ ചെയ്തു.
ഹർജിക്കാരെ മത്സരിപ്പിക്കാൻ നിർദേശം നല്കിയ കോടതി റിട്ടേണിംഗ് ഓഫീസർക്കും, പ്രിൻസിപ്പലിനും എതിർ സ്ഥാനാർഥികൾക്കും ഹൈക്കോടതി സ്പെഷൽ മെസഞ്ചർ വഴി നോട്ടീസ് അയയ്ക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.