ഇടമന കവലയിൽ സിഗ്നലുകളില്ല; അപകടം പതിവാകുന്നു
1451239
Saturday, September 7, 2024 1:37 AM IST
ചെമ്പേരി: പയ്യാവൂർ-ആലക്കോട് റൂട്ടിൽ ചെമ്പേരി ഇടമന കവലയിൽ അപകടം പതിവാകുന്നു. മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനാലാണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞദിവസം ഇടമന കവലക്കു മുന്നിൽ നിയന്ത്രണം വിട്ട ലോറിയും കാറും അപകടത്തിൽപ്പെട്ടു. കർണാടകയിൽ നിന്നു ചെറുപുഴയിലേക്കു പോകുകയായിരുന്ന മിനി ലോറിയാണ് അപകടത്തിൽപ്പെട്ടത്.
കുടിയാന്മല, ഏഴരക്കുണ്ട്, പൊട്ടംപ്ലാവ് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങളും ഏരുവേശി, ചുണ്ടപ്പറമ്പ്, ശ്രീകണ്ഠപുരം, തളിപ്പറമ്പ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളും ആലക്കോട്, ചെറുപുഴ, കാഞ്ഞങ്ങാട് ഭാഗത്ത് നിന്നുള്ള വാഹനങ്ങളും കൂടിയാവുമ്പോൾ അപകടം പതിവായി. കവലയിൽ മുന്നറിയിപ്പ് ബോർഡുകളാണ് വേണ്ടത്.
കുടിയാന്മല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. അടുത്തിടെ ഈ മേഖലയിൽ ഒട്ടേറെ അപകടങ്ങളാണ് നടന്നത്. മുന്പ് അപകടങ്ങൾ നടന്നതോടെ വാഹനങ്ങളുടെ സ്പീഡ് നിയന്ത്രിക്കാൻ നാട്ടുകാരുടെ ചെലവിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചിരുന്നു. റോഡ് നവീകരിച്ചതിനാൽ വാഹനങ്ങൾ കൂടിയ വേഗത്തിൽ ആണ് പോകുന്നത്. വേഗനിയന്ത്രണത്തിനു മുന്നറിയിപ്പ് ബോർഡ് ഇല്ല. ഇടമനകവലയിൽ അപകടം തുടർക്കഥ ആകുന്നത് ഒഴിവാക്കാൻ ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെന്ന് പരിസരവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു.