കുമ്പള: ജോലിക്കുപോയ വീടുകളില്‍നിന്നു സ്വര്‍ണവും ഐഫോണുമടക്കം ലക്ഷങ്ങളുടെ കവര്‍ച്ച നടത്തിയ സഹോദരിമാര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശികളും മഞ്ചേശ്വരം കയ്യാറില്‍ താമസക്കാരുമായ ജാന്‍സി ഫിലിപ്പ് (26), ബ്ലെസി ഫിലിപ്പ് (23) എന്നിവരെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. വീടുകളിലെത്തി ക്ലീനിംഗ് ജോലി ചെയ്യുന്നവരാണ് ഇരുവരും. ഒരുമാസം മുമ്പാണ് ഇരുവരും കുബനൂരിലെ സൈനുദ്ദീന്റെ വീട്ടില്‍ ജോലിക്കെത്തിയത്. അന്നാണ് സൈനുദ്ദീന്റെ ഐഫോണ്‍ മോഷണം പോയത്. എവിടെയെങ്കിലും നഷ്ടപ്പെട്ടതായിരിക്കുമെന്ന് കരുതി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.
ഓഗസ്റ്റ് 24, 25 തീയതികളില്‍ ഇരുവരും വീണ്ടും ഇവിടെ ജോലിക്കെത്തിയിരുന്നു. ഇരുവരും ജോലി കഴിഞ്ഞുപോയതിനു പിന്നാലെ, കിടപ്പുമുറിയിലെ ബാഗില്‍ സൂക്ഷിച്ചിരുന്ന മൂന്നേമുക്കാല്‍ പവന് സ്വര്‍ണവും മൊബൈല്‍ ഫോണും സ്മാര്‍ട്ട് വാച്ചും മോഷണം പോയതായി വീട്ടുകാര്‍ക്ക് മനസിലായി. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ സംശയം ബലപ്പെട്ടത്. മോഷണം സംബന്ധിച്ച് പോലീസില്‍ പരാതിയും നല്കി. പിന്നീട് ഇവരെ ജോലിയുണ്ടെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്തപ്പോള്‍ തങ്ങളാണ് കവര്‍ച്ച നടത്തിയതെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു. മോഷണം പോയ ഫോണുകളും കണ്ടെടുത്തു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.