യുവാവിനെ തട്ടിക്കൊണ്ടുപോയി ഒന്പതുലക്ഷം കൊള്ളയടിച്ചു
1450948
Friday, September 6, 2024 1:46 AM IST
ചക്കരക്കൽ: ബംഗളൂരുവിൽനിന്ന് ബസിൽ വന്നിറങ്ങിയ യുവാവിനെ കാറിലെത്തിയ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് ലക്ഷങ്ങൾ കൊള്ളയടിച്ചു. ഏച്ചൂർ കമാൽപീടിക കുയ്യൽ അന്പലറോഡ് സ്വദേശിയായ പി.പി. റഫീഖിനെയാണ് (44) തട്ടിക്കൊണ്ടുപോയി ഒന്പതു ലക്ഷം രൂപ കൊള്ളയടിച്ചത്.
സാരമായി പരിക്കേറ്റ റഫീഖിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ബാങ്കിൽ പണയം വച്ച ഭാര്യയുടെ സ്വർണം തിരിച്ചെടുക്കാനായി പലരിൽനിന്നും കടം വാങ്ങിയ പണമാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു.
പുലർച്ചെ ബസിറങ്ങി നിൽക്കുന്പോൾ കാറിൽ വന്നിറങ്ങിയ മുഖംമൂടി സംഘം ബലമായി കാറിൽ കയറ്റുകയായിരുന്നു. എതിർത്തപ്പോൾ കാലുകൾ വെട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തി. ബഹളം വച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് തലയ്ക്കും നെഞ്ചത്തും മർദിക്കുകയും സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കൈക്ക് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് പണമടങ്ങിയ ബാഗ് കൈക്കലാക്കിയശേഷം കാപ്പാട് റോഡരികിൽ ഉപേക്ഷിച്ച് മുഖംമൂടി സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് റഫീഖ് പോലീസിന് മൊഴി നൽകി. റോഡരികിൽ അർധബോധാവസ്ഥയിൽ കണ്ടെത്തിയ റഫീഖിനെ പരിചയക്കാരനായ ഓട്ടോ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിച്ചു.
ബംഗളൂരുവിൽനിന്ന് പണവുമായി വരുന്നതിനെക്കുറിച്ച് കൃത്യമായി അറിയാവുന്നവരായിരിക്കാം കൊള്ളയ്ക്കു പിന്നിലെന്ന് സംശയിക്കുന്നു. ചക്കരക്കൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. വാഹനത്തിൽ നാലുപേരാണുണ്ടായതെന്ന് റഫീക്ക് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് പ്രദേശത്തെ സിസിടിവി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിക്കുന്നുണ്ട്.