കൃഷി സ്ഥലം കാടുകയറുന്നുണ്ടോ, പണിക്കാരെ കിട്ടാനില്ലേ; സിജിനും സംഘവും വരും
1450947
Friday, September 6, 2024 1:46 AM IST
ടോജോ തോമസ്
ആലക്കോട്: " പറന്പിൽ മൊത്തം കാടുകയറി, പണിയെടുക്കാൻ ആളെ കിട്ടുന്നില്ല, തേങ്ങയാണെങ്കിൽ പറിക്കാൻ ആളില്ലാത്തതിനാൽ വെറുതെ താഴെ വീണു പോവുകയാണ്.... ' മലയോരത്തുനിന്നും കേൾക്കുന്ന പതിവ് വർത്തമാനങ്ങളാണ്. എന്നാൽ, ഇതിനെല്ലാം പരിഹാരവുമായി എത്തിയിരിക്കുകയാണ് മണക്കടവിലെ ഇടക്കരകണ്ടത്തിൽ സിജിൻ എന്ന യുവാവ്.
കൃഷിയിടങ്ങൾ ഉടമസ്ഥർ ഏൽപ്പിച്ചു കൊടുത്താൽ ആ സ്ഥലത്ത് ആവശ്യമുള്ള എല്ലാ ജോലികളും ചെയ്ത് കൃഷിപണി പൂർത്തിയാക്കി സ്ഥലം തിരിച്ച് ഉടമസ്ഥനെ ഏൽപ്പിക്കുന്ന സിജിന്റെ " സ്റ്റാർട്ടപ്പിന്' ഇന്ന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
നഴ്സിംഗ് ഉപേക്ഷിച്ച്
കൃഷിപ്പണിയിലേക്ക്
കൃഷിപ്പണിയോടുള്ള താത്പര്യം കൊണ്ട് നഴ്സിംഗ് ജോലി ഉപേക്ഷിച്ചായിരുന്നു സിജിന്റെ കൃഷിയിടത്തിലേക്കുള്ള ഇറക്കം. ജീവിതത്തിലെ പ്രാരാബ്ദം മൂലം സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കൂലിപ്പണിക്ക് പോയിരുന്നു.
ഇതിൽനിന്നും സ്വരൂപിച്ച പണം ഉപയോഗിച്ചാണ് ആദ്യം സ്കൂൾ പഠനവും പിന്നീട് പരിയാരം ഗവ.മെഡിക്കൽ കോളജിൽനിന്ന് നഴ്സിംഗ്പഠനവും പൂർത്തിയാക്കിയത്. മെഡിക്കൽ കോളജിലെ പഠനത്തിന് ശേഷം ഇസ്രയേലിൽ ജോലി ലഭിച്ചു.
എട്ടുവർഷക്കാലം അവിടെ നഴ്സായി ജോലി ചെയ്തു. 2018 ൽ അച്ഛന്റെ അസുഖത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങി വന്നതിനു ശേഷം നിരവധി അവസരങ്ങൾ വിദേശത്തേക്ക് തിരിച്ചുപോകാൻ ഉണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ച് കൃഷിപ്പണിയോടുള്ള താത്പര്യംമൂലം നാട്ടിൽതന്നെ തങ്ങുകയായിരുന്നു സിജിൻ.
കൃഷിപ്പണിയെന്ന
"സ്റ്റാർട്ട് അപ്പിന് ' തുടക്കം
വിദേശത്തുനിന്നും മടങ്ങി വന്നതിനു ശേഷം സിജിനും സുഹൃത്തും കൂടി തുടക്കത്തിൽ പല സ്ഥലങ്ങളിലും കൃഷിപ്പണിക്ക് പോയിരുന്നു. സിജിന്റെ ആത്മാർഥമായ പണി കണ്ട് സിജിനിനെ പണിക്ക് കിട്ടാനായി മാസങ്ങളോളം പലരും കാത്തിരിക്കാൻ തുടങ്ങി. ഇതിനിടയിലാണ് സിജിനിന്റെ മനസിൽ ഒരു ആശയം രൂപപ്പെട്ടത്. സമൂഹത്തിൽ വ്യത്യസ്തതരം ജോലികൾ ചെയ്ത് ക്ഷീണിതരായവരേയും പ്രായമായവരെയും കോർത്തിണക്കി അവരവരുടെ ആരോഗ്യത്തിനും പ്രായത്തിനും അനുസരിച്ചുള്ള ജോലികൾ നൽകി കൂടെ.
നാട്ടിൽ പ്രത്യേകിച്ച് ജോലി ഇല്ലാതിരുന്ന ചെറുപ്പക്കാരെയുംകൂടെ കൂട്ടി. ഇവർക്കെല്ലാം വരുമാനമാർഗം കിട്ടിയതോടെ കൂടുതൽ ആളുകൾ കൃഷിപ്പണികൾക്കെത്തി. ഇന്നിപ്പോൾ 38 പേരാണ് കാർഷിക മേഖലയിൽ സിജിനോടൊപ്പം സ്ഥിരമായി ജോലി ചെയ്യുന്നത്. കൂടാതെ തെങ്ങുകയറ്റം, കാട് തെളിക്കൽ, കയ്യാല നിർമാണം തുടങ്ങി വ്യത്യസ്ത ജോലികൾ അറിയാവുന്ന 12 പേർ വേറെയും ഉണ്ട്.
തുടക്കത്തിൽ മണക്കടവിൽ മാത്രം ജോലി ചെയ്തിരുന്ന ഇവർ ഇന്ന് കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിൽ കൃഷിപ്പണി കൊണ്ട് പ്രശസ്തരായി കഴിഞ്ഞു. എടുത്തു തീർക്കാൻ പറ്റാത്ത പണി വരുന്നതാണ് സിജിനും ടീമും നേരിടുന്ന വെല്ലുവിളി.
ജോലിയുടെ പ്രത്യേകത
സിജിനും സംഘത്തിനും ചെറുതും വലുതുമായ കൃഷിയിടങ്ങൾ ഉടമസ്ഥർ ഏൽപ്പിച്ചു കൊടുത്താൽ ആ സ്ഥലത്ത് ആവശ്യമുള്ള എല്ലാ ജോലികളും ചെയ്ത് കൃഷിപ്പണിപൂർത്തിയാക്കി സ്ഥലം തിരിച്ച് ഉടമസ്ഥനെ ഏൽപ്പിക്കുകയാണ് പതിവ്.
ഉദാഹരണത്തിന് ഒരു തെങ്ങിൻതോട്ടമാണ് ഏല്പിക്കുന്നതെങ്കിൽ ആദ്യം തേങ്ങാ പറിച്ചു തെങ്ങിന് തടം തുറന്നു തേങ്ങാ പൊതിച്ച് കടയിൽ കൊടുത്ത് തെങ്ങിൻ തോട്ടത്തിലെ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ച് ആ സ്ഥലങ്ങളിൽ കയ്യാല ആവശ്യമുണ്ടെങ്കിൽ അതും കെട്ടി, കാട് തെളിച്ചു വളമിട്ട് ഇടവിള കൃഷിയും ചെയ്താണ് ഉടമസ്ഥനെ തിരിച്ച് ഏൽപ്പിക്കുന്നത്.
സാധാരണ നാട്ടിൽ നൽകിക്കൊണ്ടിരിക്കുന്ന പണിക്കൂലിയിൽ നിന്ന് 100 രൂപ കുറച്ചാണ് കർഷകരിൽനിന്ന് ഇവർ മേടിക്കുന്നത്. ദൂരസ്ഥലങ്ങളിൽ ആണ് ജോലിക്ക് പോകുന്നതെങ്കിൽ വണ്ടിക്കൂലി മാത്രം അധികമായി മേടിക്കും.
വിദേശത്തുള്ളവർക്കും
ആശ്വാസം
നാട്ടിലുള്ള സ്ഥലവും സ്ഥലത്തെ ആദായവും വിട്ട് വിദേശരാജ്യങ്ങളിൽ കുടുംബസമേതം ജോലിക്ക് പോകുന്നവർക്ക് സിജിൻ എന്നും ആശ്വാസമാണ്. വിദേശത്ത് കഴിയുന്ന നിരവധി കുടുംബങ്ങളാണ് വീടും പറന്പും ഇദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്. ഈ പറമ്പുകളിലേക്ക് ആവശ്യമുള്ള ജോലികൾ ചെയ്ത് സ്ഥലത്തെ സംരക്ഷിച്ച് വിളവുകൾ കൃത്യസമയത്ത് എടുത്ത് ആദായം ഏൽപ്പിക്കുന്നത് മൂലം സിജിൻ ഉടമസ്ഥന് വിശ്വസ്തനാണ്.