മട്ടന്നൂർ -അമ്പായത്തോട് നാലുവരി പാത: സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം
1450643
Thursday, September 5, 2024 12:59 AM IST
കേളകം: മട്ടന്നൂർ - അമ്പായത്തോട് നാലുവരി പാതയുടെ സാമൂഹികാഘാത പഠനത്തിനായി വിജ്ഞാപനം ഇറങ്ങി. കൊട്ടിയൂർ, കേളകം, കണിച്ചാർ, മണത്തണ, വെള്ളർവള്ളി, തോലമ്പ്ര, ശിവപുരം, കോളാരി, പഴശി എന്നീ ഒന്പത് വില്ലേജുകളിലെ 84.906 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചാണ് 4 (1) വിജ്ഞാപനം ഇറക്കിയത്.
കോഴിക്കോട് തിക്കോടിയിലെ വികെ കൺസൾട്ടൻസിക്കാണ് പഠനത്തിനുള്ള അനുമതി നല്കിയിട്ടുള്ളത്. മൂന്ന് മാസമാണ് കാലാവധി. വയനാട്ടിലെ മാനന്തവാടിയിൽ നിന്ന് മട്ടന്നൂരിലെ കണ്ണൂർ വിമാനതാവളത്തിലേക്കാണ് പാതയെങ്കിലും മട്ടന്നൂരിന് സമീപമുള്ള മാലൂർ, പേരാവൂർ, കണിച്ചാർ, കേളകം പഞ്ചായത്തുകളിൽ മാത്രമാണ് പൂർണമായി നാലു വരി പാത കടന്നു പോകുന്നത്.
കൊട്ടിയൂർ പഞ്ചായത്തിലെ അമ്പായത്തോട് വരെയാണ് നാലുവരി പാത നിർമിക്കുക. നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളാണ് സാമൂഹികാഘാത പഠനത്തിൽ ഉൾപ്പെടുന്നത്. സാധ്യത പഠനത്തിനുശേഷം ജനപ്രതിനിധികളെയും ജനങ്ങളെയും വിളിച്ചു കൂട്ടി കാര്യങ്ങൾ വിശദീകരിക്കും. തുടർന്നാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുടെ 11 . ( A ) നോട്ടിഫിക്കേഷൻ ഇറങ്ങുക. 63.5 കിലോമീറ്റർ നീളമുള്ള പാതയിൽ കേളകം, പേരാവൂർ, തൃക്കടാരിപ്പൊയിൽ, മാലൂർ, ശിവപുരം എന്നിങ്ങനെ അഞ്ചിടങ്ങളിൽ സമാന്തര പാതകളാണ് നിർമിക്കുന്നത്.