വിടവാങ്ങിയത് അഭിനയ ലോകത്തെ അത്യുജ്വല പ്രതിഭ
1450642
Thursday, September 5, 2024 12:59 AM IST
പയ്യന്നൂര്‍: വിടവാങ്ങിയത് മലയാള സിനിമ -നാടക- സീരിയല്‍ -ഡബ്ബിംഗ് രംഗത്ത് നിറഞ്ഞു നിന്നിരുന്ന വി.പി. രാമചന്ദ്രന് എന്ന അത്യുജ്വല പ്രതിഭ. സിനിമ, സീരിയല്‍ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും നാടകത്തെ ജീവശ്വാസമായി കരുതിയ വ്യക്തിത്വമാണ് വി.പി. രാമചന്ദ്രന് എന്ന വിപിആറിന്റേത്.
നടന് എന്നതിനൊപ്പം സംവിധായകനായും ഡബ്ബിംഗ് ആര്ടിസ്റ്റായും ഇദ്ദേഹം ശ്രദ്ധേയനായി. കേന്ദ്ര വ്യോമ സേനയില്‍ നിന്നും വിരമിച്ചതിന് ശേഷം അമേരിക്കന്‍ കോണ്‍സുലേറ്റില്‍ ജീവനക്കാരനായി. എന്നാല്‍ കലാപാരമ്പര്യമുള്ള കുടുംബത്തിലെ അത്തായി കുഞ്ഞിരാമ പൊതുവാളിന്റെ മകനും ലോകപ്രശസ്ഥ നര്ത്തകന് ധനഞ്ജയന്റെ സഹോദരനുമായ രാമചന്ദ്രന് ജോലി രാജിവച്ച് അഭിനയ രംഗത്തേക്കിറങ്ങുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് 1987 മുതല്‍ എം.ടി. വാസുദേവന്‍- മോഹന്‍ലാല്‍ ടീമിന്റെ കൂട്ടുകെട്ടില്‍ പിറന്ന സദയം, കിളിപ്പാട്ട്, അപ്പു, അയ്യര്‍ ദി ഗ്രേറ്റ്, യുവതുര്‍ക്കി, ഗംഗോത്രി, വര്‍ണ്ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം, വിദൂഷകന്, അതിജീവനം തുടങ്ങി 19 ല്‍ അധികം സിനിമകളില്‍ വേഷമിടാന്‍ രാമചന്ദ്രന് കഴിഞ്ഞു. ഇതിനിടയില്‍ നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും ഡബ്ബിംഗ് ചെയ്തും ശ്രദ്ധേയനായി.
പിന്നീട് സിനിമയില്‍ അവസരം കുറയുന്ന സന്ദര്‍ഭങ്ങളില്‍ നാടകരംഗത്തേക്ക് ചുവടു വച്ചു. ചെന്നൈ ആസ്ഥാനമാക്കി കലിയുഗ തിയേറ്റേഴ്സ് സ്ഥാപിച്ച് അനുബന്ധം പോലെ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിരുന്നു.
പയ്യന്നൂരില്‍ സ്ഥിരതാമസമാക്കിയ ശേഷം നിരവധി നാടകങ്ങള്‍ അരങ്ങിലെത്തിച്ചു. ഇതോടെ ലങ്കാ ലക്ഷ്മി, ഭാരതരഥം, ഉമ്മാച്ചു, കോര്‍ട്ട് മാര്‍ഷല്‍, ഗുണ്ടോല, ആഷാഡത്തില്‍ ഒരു ദിവസം തുടങ്ങിയ നിരവധി നാടകങ്ങളാണ് സ്വദേത്തും യുഎസ്എ, കാനഡ എന്നീ രാജ്യങ്ങളിലുമുളള നാടകാരാധ കര്‍ക്കായി ലഭിച്ചത്.
വിമുക്ത വ്യോമസേന അംഗങ്ങളുടെ സംഘടനയായ പയ്യന്നൂര്‍ ഈഗിള്‍ ക്ലബിനു വേണ്ടി നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. സത്ത്യജിത്ത് അവാര്‍ഡ് നേടിയ ഘടികാരം, കുട്ടപ്പന് കോണ്‍സ്റ്റബിള്‍, വി.പി. മനോഹരന്റെ ചൂട്ട്, കുട്ടമത്തിന്റെ നന്ദി വീണ്ടും വരിക തുടങ്ങിയ നിരവധി ഹ്രസ്വ ചിത്രങ്ങളും സംവിധാനം ചെയ്തു.
നിരവധി സീരിയലുകളുടേയും സംവിധായകനായും നടനായും ഇദ്ദേഹം പകര്‍ന്നാടി. ഇന്ന് സിനിമാ ലോകത്ത് പയ്യന്നൂരിന്റെ സംഭാവനകളായി നിരവധി പേര് ഉണ്ടെങ്കിലും മലയാള സിനിമയില്‍ പയ്യന്നൂരിനെ ആദ്യമായി അടയാളപ്പെടുത്തിയത് വി.പി. രാമചന്ദ്രനായിരുന്നു.