വയനാടിന് കൈത്താങ്ങാകാൻ കാരുണ്യഹസ്തം
1444977
Thursday, August 15, 2024 1:48 AM IST
കണ്ണൂർ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലയിൽനിന്നും ജൂലൈ 30 മുതൽ ഓഗസ്റ്റ് 14 വരെ കളക്ടറേറ്റിൽ ചെക്കായും, ഡിമാൻഡ് ഡ്രാഫ്റ്റായും പണം ആയും 1,12,71,039 രൂപ ലഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ലഭിക്കുന്ന സംഭാവനകൾ ഓൺലൈൻ സോഫ്റ്റ് വെയറായ ‘ഇ-ഫണ്ട്സ്' ൽ ചേർക്കുമ്പോൾ ഓൺ ലൈൻനായി ലഭിക്കുന്ന ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ രസീത് സംഭാവന നല്കുന്നവർക്ക് നല്കുന്നുണ്ട്. തുക സ്വീകരിച്ച് ഉടൻ തന്നെ രസീത് നല്കുന്നതിനായി കളക്ടറേറ്റിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
കണ്ണൂർ: വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ സഹായിക്കാൻ ജില്ലാ പഞ്ചായത്ത് നൽകുന്ന ഒരു കോടി രൂപയുടെ സഹായധനം മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് തുക കൈമാറിയത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എല്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ കെ കെ രത്നകുമാരി, സരള, യു.പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വക്കത്താനം, സെക്രട്ടറി ഇൻ ചാർജ് കെ വി മുകുന്ദൻ എന്നിവരോടൊപ്പം എത്തി.
കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 'വയനാടിനൊരു കൈത്താങ്ങ്- ഞങ്ങളുമുണ്ട് കൂടെ' ക്യാമ്പയിനിലൂടെ ആദ്യ ഗഡുവായി 1.55 കോടി രൂപയുടെ സഹായ ധനം സമാഹരിച്ചു.ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ കമ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി(സി ഡി എസ്) ചെയർപേഴ്സൺമാരിൽ നിന്നും കണ്ണൂർ ബിഎസ്എൻഎൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തുക സ്വീകരിച്ചു.
കണ്ണൂർ: തനിക്ക് വീട്ടിൽ സ്വന്തമായി ഒരു മുറി പണിയുന്നതിന് കുടുക്കയിൽ സ്വരുക്കൂട്ടിയ തുക ബഡ്സ് സ്കൂൾ വിദ്യാർഥി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
മുണ്ടേരി ബഡ്സ് സ്കൂൾ വിദ്യാർഥി കമാലുദ്ദീൻ സിനാനാണ് മുറി പണിയുന്നതിനായി സ്വരുക്കൂട്ടിയ 14,840 രൂപ കളക്ടറേറ്റിൽ എത്തി എഡിഎം കെ.നവീൻ ബാബുവിന് കൈമാറിയത്.
കണ്ണൂർ പുറത്തിയിൽ സ്വദേശി അബ്ദുൽ നിസാർ - റാബിയ ദന്പതികളുടെ മകനായ കമാലുദ്ദീൻ സിനാൻ നിസാറിന്റേയും കൗൺസിലർ ശ്രീജ ആരംഭന്റേയും കൂടെയാണ് കളക്ടറേറ്റിൽ എത്തിയത്.
തേർത്തല്ലി: ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന വീടുകളുടെ ധനശേഖരണാർഥം തേർത്തല്ലി മേഖലാ കമ്മിറ്റി 15ന് രാവിലെ മുതൽ തേർത്തല്ലിയിൽ മീൻ വില്പന നടത്തുന്നു.
ജില്ലയിലെ സ്വകാര്യ ബസുകൾ
17ന് കാരുണ്യയാത്ര നടത്തും
കണ്ണൂർ: വയനാട് ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് 25 വീടുകൾനിർമിച്ച് നല്കാൻ ജില്ലയിലെ സ്വകാര്യ ബസുകൾ 17ന് കാരുണ്യയാത്ര നടത്തുമെന്ന് ജില്ലാ ബസുടമസ്ഥ സംഘം അസോസിയേഷൻ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാര ത്ത് പത്രസമ്മളനത്തിൽ അറിയിച്ചു.
രാവിലെ 9.30ന് താവക്കര പുതിയ ബസ് സ്റ്റാന്ഡിൽ കോർപറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ കാരുണ്യയാത്ര ഉദ്ഘാടനം ചെയ്യും. കാരുണ്യയാത്രയിലൂടെകിട്ടുന്ന പണം അടുത്ത ദിവസം സംസ്ഥാന ഫെഡറേഷനെ ഏല്പിക്കും. പ്രസിഡന്റ് പി.പി. മോഹനൻ, വൈസ് പ്രസിഡന്റ് കെ.പി. മുരളിധരൻ , സെക്രട്ടറി കെ.പി. മോഹനൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.