കച്ചേരിക്കടവിൽ കാട്ടാനകൾ കാർഷിക വിളകൾ നശിപ്പിച്ചു
1444975
Thursday, August 15, 2024 1:48 AM IST
ഇരിട്ടി: കച്ചേരിക്കടവ് ടൗണിനോട് ചേർന്ന ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന വളവുപാറ-കച്ചേരിക്കടവ്-പാലത്തിൻകടവ് റീബിൽഡ് കേരള റോഡിൽ തമ്പടിച്ച കാട്ടാനക്കൂട്ടം ഇതുവഴി കടന്നുപോയ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തി. നരിമറ്റത്തിൽ സണ്ണി ഫ്രാൻസിസിന്റെ പറമ്പിൽ ഇന്നലെ പുലർച്ചെ മൂന്നോടെ എത്തിയ രണ്ട് ആനകൾ 50 വാഴകളും 75 ചുവട് മരച്ചീനിയും 25 ചുവട് ചേനയും മാവും നശിപ്പിച്ചു. മരച്ചീനികൾ പറിച്ചെടുത്ത് തിന്നു. മൂന്നുവർഷം മുന്പ് സണ്ണിയുടെ 750 ചുവട് മരച്ചീനിയും 50 വാഴകളും കാട്ടാനകൾ നശിപ്പിച്ചിരുന്നു.
കർണാടക വനത്തിൽ നിന്ന് ശക്തമായ നീരൊഴുക്കുള്ള ബാരാപോൾ പുഴ മുറിച്ചുകടന്നാണ് കാട്ടാനകളെത്തിയത്. മാസങ്ങളായി കച്ചേരിക്കടവ്, മുടിക്കയം, പാലത്തുംകടവ് പ്രദേശങ്ങളിലിറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി നാട്ടുകാരെ അനുനയിപ്പിക്കുകയായിരുന്നു. അന്നു ചേർന്ന യോഗത്തിൽ വനാതിർത്തിയിൽ സോളാർ തൂക്കുവേലി സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലു യാഥാർഥ്യമായിട്ടില്ല.
ടെൻഡറെടുക്കാൻ ആളില്ല;
തൂക്കുവേലി ത്രിശങ്കുവിൽ
ആറളം ഫാമിൽനിന്ന് കാട്ടാനകളെ തുരത്തുന്ന സാഹചര്യത്തിൽ കൃഷിവകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ ഉളിക്കൽ, പായം , ആറളം അയ്യൻകുന്ന് പഞ്ചായത്തുകളിലെ വനാതിർത്തിയിൽ സോളാർ തൂക്കുവേലി നിർമാണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ടെൻഡർ എടുക്കാൻ ആളില്ലാത്തതിനാൽ പദ്ധതി അനിശ്ചിതത്വത്തിലാണ്. കച്ചേരിക്കടവ്, മുടിക്കയം, പാലത്തുംകടവ് ഗ്രാമങ്ങളെ കാട്ടാന ഭീഷണിയിൽ നിന്ന് രക്ഷിക്കാൻ ലക്ഷ്യമിട്ട 1.127 കോടി രൂപയുടെ പ്രവൃത്തികളാണ് അനിശ്ചിതത്വത്തിലായത്.
സ്ഥലമുടമകളുടെ യോഗം വിളിച്ചെങ്കിലും ടെൻഡർ നടപടിയുടെ കർശന മാനദണ്ഡങ്ങളാണ് കരാറുകാരെ പിന്നോട്ടടിപ്പിക്കുന്നത്. നിർമാണം ഇനിയും വൈകിയാൽ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്ന് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ പറഞ്ഞു. കാട്ടാന നശിപ്പിച്ച കൃഷിയിടങ്ങൾ പ്രസിഡന്റ് കുര്യാച്ചൻ പൈന്പള്ളിക്കുന്നേൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക് ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താന്നി, സെലീന ബിനോയി എന്നിവർ സന്ദർശിച്ചു. ഇരിട്ടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.കൃഷ്ണശ്രീ, എം.അമൽ, വാച്ചർ അഭിജിത്ത് എന്നിവരും സ്ഥലത്തെത്തി.