ഞണ്ണമലയിലെ ക്വാറി പ്രവർത്തനം അവസാനിപ്പിക്കണം: യുഡിഎഫ്
1444972
Thursday, August 15, 2024 1:48 AM IST
ചെമ്പന്തൊട്ടി: ഞണ്ണമല (നായനാർമല)യിൽ പ്രവർത്തിക്കുന്ന വിവാദ ക്വാറി ജില്ലാ കളക്ടറും മറ്റ് ഉന്നതതല സംഘവും ഉടൻ സന്ദർശിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ക്വാറി ക്വാറി സന്ദർശിച്ച ശ്രീകണ്ഠപുരം മുൻസിപ്പൽ യുഡിഎഫ് നേതൃസംഘം ആവശ്യപ്പെട്ടു.
ക്വാറി താത്ക്കാലികമായി നിർത്തിവയ്ക്കാൻ ശ്രീകണ്ഠപുരം നഗരസഭ തീരുമാനമെടുത്തിട്ടുണ്ട്. സർക്കാർതലത്തിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ നൽകുന്ന അനുമതിയിൽ പറയുന്ന നിയമങ്ങൾ ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്ന് യുഡിഎഫ് നേതൃസംഘം ആരോപിച്ചു.
ഈ പശ്ചാത്തലത്തിൽ നിയമം ലംഘിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്വാറിയുടെ പ്രവർത്തനം ജനഹിതം മനസിലാക്കി നിർത്തിവയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം.
എം.ഒ. മാധവൻ, കെ. സലാഹുദ്ദീൻ, കെ.പി. ഗംഗാധരൻ, അഡ്വ. ഇ.വി. രാമകൃഷ്ണൻ, എൻ.പി. റഷീദ്, ഡോ. കെ.വി. ഫിലോമിന, എൻ.പി. സിദ്ദീഖ്, ജിയോ ജേക്കബ്, എൻ.ജെ. സ്റ്റീഫൻ, ഒ.വി. ഹുസൈൻ ഹാജി,കെ.സി. ജോസഫ്, കെ. ശിവദാസൻ, പി. നൂറുദ്ദീൻ, പി.പി. ചന്ദ്രാംഗതൻ,എ.വി. ഷീന, കുഞ്ഞിരാമൻ, നിഷിത റഹ്മാൻ, ആലീസ്, എ. ഇബ്രാഹിം, ജോണി പെരുമ്പള്ളി, ഡോ. അഗസ്റ്റിൻ, റസ്സൽ ചെമ്പന്തൊട്ടി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
നഗരസഭ ചെയ്തത്
മറച്ചുവയ്ക്കാൻ ശ്രമമെന്ന് നഗരസഭാധ്യക്ഷ
ശ്രീകണ്ഠപുരം: നഗരസഭക്കെതിരെ ചിലരുടെ ഗൂഡാലോചന തിരിച്ചറിയണമെന്നും നഗരസഭ ഈ വിഷയത്തിൽ ചെയ്തതു മറച്ചുവയ്ക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുകയാണെന്നും ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന. വിവാദമായ നായനാർമല ക്വാറി വിഷയത്തിൽ ബുധനാഴ്ച അടിയന്തിര യോഗം ചേർന്ന് സ്റ്റോപ്പ് മെമ്മോ കൊടുത്തു. കഴിഞ്ഞ എട്ടാം തീയതി തന്നെ ക്വാറിയുടെ നിയമനുസൃതമല്ലാത്ത പ്രവർത്തനം മൂലം ജനങ്ങൾ അനുഭവിക്കുന്ന കെടുതികൾക്കു ശാശ്വതപരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി, മലിനീകരണ നിയന്ത്രണ ബോർഡ്, ജിയോളജി, ഫയർ ആൻഡ് സേഫ്റ്റി എന്നീ വകുപ്പുകൾക്ക് കത്തയച്ചു. നഗരസഭയ്ക്ക് ഈ വിഷയത്തിൽ ജനങ്ങളുടെ പ്രയാസം പരിഹരിക്കാൻ എന്തൊക്കെ ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യുമെന്നും നഗരസഭാധ്യക്ഷ അറിയിച്ചു.