കുടിയേറ്റക്കാരുടെ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും പ്രതിഫലം
1444965
Thursday, August 15, 2024 1:48 AM IST
ചെന്പേരി: നന്മ തേടിയും ജീവിത മാർഗം തേടിയും മീനച്ചിലാറിന്റെ പ്രാന്തപ്രദേശങ്ങളിൽനിന്ന് കുടിയേറിയ കാരണവന്മാരുടെ കണ്ണുനീരിന്റെയും കഷ്ടപ്പാടിന്റെയും പ്രതിഫലമാണ് ചെന്പേരിക്ക് ലഭിച്ച ബസിലിക്ക പദവിയെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. ചെന്പേരി ലൂർദ്മാതാ പള്ളിയെ ബസിലിക്ക പദവിയിലേക്ക് ഉയർത്തിയതായുള്ള പ്രഖ്യാപനം നടത്തിയശേഷം പ്രസംഗിക്കുകയായിരുന്നു മേജർ ആർച്ച്ബിഷപ്.
കാട്ടുമൃഗങ്ങളോടും കാടിനോടും മല്ലിട്ട് മലബാറിനെ മലർവാടിയാക്കി പൂർവികർ മാറ്റി. സാമന്തരൂപതകളുള്ള സീറോ മലബാർ സഭയിലെ ഏറ്റവും വലിയ രൂപതയായ തലശേരി അതിരൂപതയുടെ വളർച്ചയിൽ കുടിയേറ്റക്കാരുടെ കഷ്ടപ്പാടുണ്ട്. ബസിലിക്ക എന്ന വാക്കിന്റെ അർഥം വലിയപള്ളിയെന്നാണ്. കഠിനാധ്വാനം, വിശ്വാസം അങ്ങനെ എല്ലാ അർഥത്തിലും വലിയപള്ളി തന്നെയാണ് ചെന്പേരി. തലശേരി അതിരൂപതയുടെ വളർച്ചയ്ക്ക് പിന്നിൽ കോഴിക്കോട്, മംഗളൂരു രൂപതകളിലെ ലത്തീൻ സഭാ ബിഷപ്പുമാർക്ക് പങ്കുണ്ട്. അവരുടെ സേവനം മറക്കാൻ കഴിയില്ല.
മലബാറിന്റെ മോസസ് എന്നറിയപ്പെടുന്ന വള്ളോപ്പിള്ളി പിതാവ് തലശേരിയിൽ എത്തിയപ്പോൾ റോഡുകളോ പാലങ്ങളോ ഇല്ലായിരുന്നു. ഇടവകളിലേക്ക് പിതാവിന് എത്തപ്പെടാനാണ് വഴികളുണ്ടായത്. ഈ റോഡുകൾ ഇപ്പോൾ പഞ്ചായത്തിന്റെയും നഗരസഭകളുടേതുമായി മാറി. ചോരയും നീരും ഒഴുക്കി പിതാവും കുടിയേറ്റക്കാരും പണിത റോഡുകളാണ് കണ്ണൂരും കാസർഗോഡും ഉള്ളത്. കുടിയേറ്റ ജനതയുടെ പോരാട്ടത്തിന്റെ വിജയമാണ് ചെന്പേരി ബസിലിക്ക പള്ളിയെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
മക്കളുടെ എണ്ണത്തിൽ
വർധന വേണം
ആരെയും തോൽപ്പിക്കാനല്ല ആരെയും പിന്നിലാക്കാനുമല്ല മക്കളുടെ എണ്ണത്തിൽ വർധനവ് വേണമെന്നും മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മക്കൾ തന്പുരാന്റെ ദാനമാണ്. സീറോ മലബാർ സഭയിലെ ജനനപ്രക്രിയ നിരക്ക് വളരെ പിന്നിലാണ്. പണ്ട്, കാർന്നോന്മാർ കൂടുതൽ മക്കളെ സ്വീകരിച്ചിരുന്നു. അധ്വാനിക്കാനും കുടുംബത്ത് ആളുണ്ടാകാനുമായിരുന്നു ഇത്. സഭയ്ക്ക് എല്ലാവിധ സൗകര്യങ്ങൾ ഉണ്ടായിട്ടും മക്കളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നില്ല. മണ്ണിനോട് പോരാടാൻ കൂടുതൽ മക്കൾ വേണം. എന്നുവച്ച് സർക്കാർ ഉദ്യോഗം വേണ്ടെന്നല്ല പറയുന്നത്. മണ്ണിനോടുള്ള ബന്ധം രക്തബന്ധമാണെന്ന് തിരിച്ചറിയണമെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.