നിക്ഷേപ തട്ടിപ്പ്: കോക്സ് ടാക്സ് കണ്ണൂരിൽനിന്ന് കോടികൾ തട്ടി
1444708
Wednesday, August 14, 2024 1:42 AM IST
തലശേരി: പതിനഞ്ചു മുതൽ മുപ്പത്തിയാറു വരെ ശതമാനം പലിശ വാഗ്ദാനം ചെയ്ത് കണ്ണൂർ ജില്ലയിലും കോടികളുടെ നിക്ഷേപത്തട്ടിപ്പ്. കോഴിക്കോട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് കോടികൾ തട്ടിയെടുത്ത കോക്സ് ടാക്സ് പബ്ലിക് ലിമിറ്റഡ് കമ്പനിയാണ് കണ്ണൂർ ജില്ല കേന്ദ്രീകരിച്ചും കോടികളുടെ തട്ടിപ്പുകൾ നടത്തിയത്.
സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരും റിട്ട. അധ്യാപകരും റിട്ട. പോലീസ് ഉദ്യോഗസ്ഥരും പ്രവാസികളും ഉൾപ്പെടെ നൂറു കണക്കിനാളുകൾക്ക് പണം നഷ്ടപ്പെട്ടതായാണ് വിവരം. കോഴിക്കോട് ജില്ലയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ എംഡി ജമാലുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എ. ഉമേശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂർ ജില്ലയിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് മനസിലായത്.
സർവീസ് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ചിലരാണ് കണ്ണൂരിൽ നിക്ഷേപകരെ കണ്ടെത്തുന്നതിനും മറ്റും സഹായം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടരവർഷം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന ആകർഷകമായ പദ്ധതികളായിരുന്നു അവതരിപ്പിച്ചത്. നിക്ഷേപകരെ സ്വാധീനിക്കാൻ ആഢംബരകാറുകളിലാണ് കന്പനി ഉദ്യോഗസ്ഥരെന്ന പേരിൽ യുവതീ യുവാക്കൾ എത്തിയിരുന്നത്.
സമൂഹത്തിലെ പല പ്രമുഖരും നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ചില രേഖകൾ കാണിച്ച് അവർക്ക് ലഭിക്കുന്ന ലാഭവിഹിത കണക്കുകൾ വിശദീകരിച്ച് വിശ്വാസ്യത നേടിയെടുത്താണ് നിക്ഷേപം സ്വീകരിച്ചത്. ആദ്യഘട്ടങ്ങളിൽ നിക്ഷേപിച്ചവർക്ക് നല്ല ലാഭവും നൽകിയിരുന്നു. ലാഭം കിട്ടിയവർ കൂടുതൽ ലാഭത്തിനായി വലിയ നിക്ഷേപം നടത്തുകയും ചെയ്തിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേമുണ്ടായിരുന്ന ചിലർ പണം പിൻവലിച്ച് കോക്സ് ടാക്സിൽ നിക്ഷേപിച്ചിട്ടുണ്ട്. അതേ സമയം കണ്ണൂർ ജില്ലയിൽ വലിയ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ടവർ പോലും പരാതി നൽകാൻ തയാറാകാത്ത് ദുരൂഹ ഉയർത്തുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താൻ പോലീസ് രഹസ്യാന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കോഴിക്കോട് ജില്ലയിൽ മാത്രം അമ്പതിലേറെ പരാതികൾ ലഭിച്ചവയിൽ 30 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 40 കോടിയുടെ തട്ടിപ്പ് കോഴിക്കോട് ജില്ലയിൽ മാത്രം നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൈത്രി എന്ന പേരിലും ഈ സംഘം തട്ടിപ്പ് നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരാതികൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എം. ഉമേശ് ദീപികയോട് പറഞ്ഞു.