കർഷക സംഗമം; ആലോചനായോഗം ചേർന്നു
1444705
Wednesday, August 14, 2024 1:42 AM IST
നടുവിൽ: കാർഷിക മേഖലക്ക് ഉണർവേകാൻ ഒക്ടോബറിൽ സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദിന്റെ സാന്നിധ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഇരിക്കൂർ നിയോജക മണ്ഡലം കർഷക സംഗമത്തിന്റെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
ഇതിന്റെ ഭാഗമായി പ്രാരംഭ ചർച്ചകൾക്കായി സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ കൃഷിവകുപ്പ് ശ്രീകണ്ഠപുരത്ത് വിളിച്ചുചേർത്ത ആലോചനാ യോഗത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെഅധ്യക്ഷന്മാരും, സഹകരണ ബാങ്ക് പ്രസിഡന്റുമാരും, പാടശേഖര സമിതി പ്രതിനിധികളും പങ്കെടുത്തു.
കർഷക സംഗമം ഫലപ്രദമായി മലയോര കർഷകർക്കായി പ്രയോജനപ്പെടുത്താൻ നിരവധി നിർദേശങ്ങളാണ് യോഗത്തിൽ ഉയർന്നുവന്നത്. സംഗമത്തിൽ കൃഷി മന്ത്രി നേരിട്ട് നടത്തുന്ന അദാലത്തിലേക്കുള്ള പരാതികൾ ഈ മാസം 30 ന് മുമ്പായി നൽകണം. എല്ലാവിധ കൃഷികളും നേരിടുന്ന പ്രശ്നങ്ങൾ സംഗമത്തിൽ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ട് വരാൻ ക്രമീകരണങ്ങൾ ചെയ്യും.
കൃഷി മന്ത്രിയുടെ സൗകര്യപ്രകാരം കർഷക സംഗമത്തിന്റെ തീയതികളും അനുബന്ധ പരിപാടികളും ഉടൻ പ്രഖ്യാപിക്കുമെന്നു സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. വിപുലമായ സംഘടക സമിതി യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും എംഎൽഎ അറിയിച്ചു.
ജില്ലാ കൃഷി ഡപ്യൂട്ടി ഡയറക്ടർ വിഷ്ണു എസ്. നായർ, മുനിസിപ്പൽ ചെയർ പേഴ്സൺ ഡോ. കെ.വി. ഫിലോമിന, പഞ്ചായത്ത് പ്രസിഡന്റുമാരായ ബേബി ഓടമ്പള്ളി, ജോജി കന്നിക്കാട്ട്, വി.പി. മോഹനൻ, ടി.പി. ഫാത്തിമ, മിനി ഷൈബി, കെ.എസ്. ചന്ദ്രശേഖരൻ, സോണൽ കോ-ഓർഡിനേറ്റർ ജിതിൻ ഷാജു, ബാങ്ക് പ്രസിഡന്റുമാരായ ടി.എ. ജസ്റ്റിൻ, ടി.പി അഷ്റഫ്, വി.ടി. ചെറിയാൻ, സി. രാമചന്ദ്രൻ, പി. രാമചന്ദ്രൻ, ഇ. ജനാർദ്ദനൻ, എ.പി. ബെന്നി, പി.ഐ. മാത്യു, പാടശേഖര സമിതി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.