പന്ത്രണ്ടോളം കവർച്ചാ കേസുകളിലെ പ്രതി പിടിയിൽ
1444696
Wednesday, August 14, 2024 1:42 AM IST
പയ്യന്നൂർ: ഒരേ സ്ഥാപനത്തിൽ നാലു പ്രാവശ്യം വിദഗ്ധമായി കവർച്ച നടത്തിയതുൾപ്പെടെ പയ്യന്നൂരിൽ മാത്രമായി പന്ത്രണ്ടോളം കവർച്ചകൾ നടത്തിയ പ്രതി പോലീസ് പിടിയിൽ. പയ്യന്നൂർ പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ റോയല്‍ സിറ്റി കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ കവർച്ചാ പരമ്പരകളിലൂടെ പോലീസിന് തലവേദനയായി മാറിയ കോയമ്പത്തൂർ തുടിയല്ലൂർ ശുക്രൻ പാളയത്തെ ജോൺ പീറ്റർ ( ശക്തിവേൽ-32) ആണ് പിടിയിലായത്.
2022 ഓഗസ്റ്റ് അഞ്ചിന് രാവിലെയാണ് സ്കൈപ്പര്‍ സൂപ്പര്‍ മാര്‍ക്കറ്റിൽ കവര്‍ച്ച നടന്നതായി കണ്ടെത്തിയത്.സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുറകുവശത്തെ എക്സ്ഹോസ്റ്റ് ഫാന്‍ ഇളക്കിമാറ്റി ആ ദ്വാരത്തിലൂടെയാണ് അകത്തേക്ക് കടന്നത്. പേഡയും ബിസ്കറ്റും വെള്ളവും മറ്റും ഇവിടെയിരുന്ന് കഴിച്ചതിന് ശേഷം ഓഫീസിനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തിലധികം രൂപ കവര്‍ന്നതായി അന്വേഷണത്തില്‍ മനസിലായത്.
പഴയങ്ങാടിയിലെ എം.പി. മുഹമ്മദിന്റെയും മട്ടന്നൂരിലെ സലീമിന്റെയും ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തില്‍ സമാന രീതിയില്‍ 2023 ഫെബ്രുവരി 18നും ഓഗസ്റ്റ് നാലിനും ഏറ്റവും ഒടുവിലായി കഴിഞ്ഞ മേയ് അഞ്ചിനും കവര്‍ച്ച നടന്നിരുന്നു. എക്സോസ്റ്റ് ഫാനിന്റെ ദ്വാരങ്ങൾ അടച്ചിരുന്നതിനാൽ അവസാന മോഷണത്തിൽ മേൽക്കൂരയുടെ ഷീറ്റ് പൊളിച്ചാണ് ഇയാൾ അകത്ത് കടന്നത്. 25000 രൂപയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഭണ്ഡാരത്തിലെ പണവും സ്പ്രേ, ഷാംമ്പു എന്നിവയുൾപ്പെടെ നാലായിരത്തോളം രൂപയുടെ സാധനങ്ങളുമായാണ് ഇയാൾ സ്ഥലം വിട്ടത്.
സിസി ടിവി കാമറയില്‍ പതിഞ്ഞിരുന്ന വ്യക്തമായ ദൃശ്യങ്ങളുപയോഗിച്ച് പോലീസ് പലവിധത്തിലുള്ള അന്വേഷണങ്ങൾ നടത്തിയിട്ടും പ്രതിയെ കണ്ടെത്താനായില്ല. കഴിഞ്ഞ ഒക്ടോബര്‍ പതിനഞ്ചിന് രാത്രിയില്‍ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ സുൾഫക്സ് മാട്രസ് ആൻഡ് ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ നിന്ന് പതിനയ്യായിരത്തോളം രൂപയും തൊട്ടടുത്ത ഐ മാക്സ് ഫുട്വെയര് ആൻഡ് ബാഗ് എന്ന സ്ഥാപനത്തില്‍നിന്ന് 51.000 രൂപയും കവര്‍ന്നു. മൈത്രി ഹോട്ടലിന്റെ വാതിലും മേശയും പാത്രങ്ങളും നശിപ്പിച്ച മോഷ്ടാവ് മേശയിലുണ്ടായിരുന്ന പണം കൊണ്ടുപോയി. ഈ കവർച്ചകളിലെ പ്രതിയാണ് ഇപ്പോൾ പയ്യന്നൂർ പോലീസിന്റെ വലയിൽ കുടുങ്ങിയത്.
കുടുങ്ങിയത് ഹോട്ടലിലെ കവർച്ചയിൽ
തിങ്കളാഴ്ച രാവിലെ പയ്യന്നൂർ കോളോത്ത് ബദർ മസ്ജിദിന് സമീപം പ്രവർത്തിക്കുന്ന കാസാ കസീനോ ഹോട്ടലിന്റെ മേൽക്കൂരയുടെ ഓടിളക്കി കയറി മോഷണം നടത്തിയിരുന്നു. ഹോട്ടലിലെ ഭക്ഷണഹാളിലെ മേശക്കു മുകളിലെ ബോക്സിൽ സൂക്ഷിച്ചിരുന്ന 5300 രൂപയും 12000 രൂപ വിലവരുന്ന മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്.
ഹോട്ടലുടമ പടന്നയിലെ കെ.കെ.പി. ഷക്കീലിന്റെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിരുന്നു. പയ്യന്നൂരിലെ കൈരളി ഹോട്ടലിൽ കയറിയ ഇയാൾ കൗണ്ടറിലെ പണമപഹരിച്ച് ഭക്ഷണവുമുണ്ടാക്കി കഴിച്ചശേഷമാണ് സ്ഥലം വിട്ടത്. കൈരളി ഹോട്ടലിലെ സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ചിത്രമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
ഹോട്ടലിലെ മോഷണത്തിന് ശേഷം ട്രെയിനിൽ കയറി കടന്നുകളയുകയായിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് കോഴിക്കോട് നിന്ന് പിടികൂടിയത്.
തമിഴ്നാട്ടിലുള്ളയാളാണ് പയ്യന്നൂരിലെ വിവിധയിടങ്ങളിൽ കവർച്ച നടത്തിയതെന്ന് നേരത്തേ കണ്ടെത്തിയിരുന്നതിനാൽ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് വിവിധ മോഷണങ്ങളുടെ ചുരുളഴിഞ്ഞത്. പയ്യന്നൂരിൽ മാത്രമായി പന്ത്രണ്ടോളം കവർച്ചകൾ ഇയാൾ നടത്തിയതായി സമ്മതിച്ചിട്ടുണ്ട്.
മാത്രമല്ല ഇക്കാലത്തിനിടെ ഇയാൾ ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്. മുൻകാലങ്ങളിൽ പിടിയിലാകാത്തതിനാൽ ഇയാളുടെ ചിത്രമോ മറ്റ് തിരിച്ചറിയാൻ കഴിയുന്ന അടയാളങ്ങളോ പോലീസിന്റെ കൈയിലില്ലാതിരുന്നതിനാലാണ് നേരത്തേ സിസിടിവി ദൃശ്യം കിട്ടിയിട്ടും അന്വേഷണം ഇയാളിലെക്കെത്താതിരുന്നത്. ഹെയർ സ്റ്റൈലിലടക്കം രൂപമാറ്റം വരുത്തിയാണ് ഇയാൾ ഒരോ സ്ഥലത്തും മോഷണം നടത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.
ക്രൈം സ്ക്വാഡിന് ബിഗ് സല്യൂട്ട്
പയ്യന്നൂരിലെ പോലീസ് പലവിധത്തിലുള്ള അന്വേഷണം നടത്തിയിട്ടും സ്കൈപ്പർ സൂപ്പർ മാർക്കറ്റിലുൾപ്പെടെ കവർച്ച നടത്തിയ ആളെ കണ്ടെത്താനായിരുന്നില്ല. കഴിവുള്ള പോലീസ് സേന കൈയിലുണ്ടായിട്ടും അവരെ ഉപയോഗപ്പെടുത്തുന്നതില്‍ വന്ന മുൻകാല വീഴ്ചയാണ് ഇതിനൊക്കെ കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ഇത്തരം ആക്ഷേപങ്ങളുടെ മുനയൊടിച്ചാണ് ഉത്തരം കിട്ടാതെ കിടന്ന വിവിധ കവർച്ചകളിലെ പ്രതിയെ പിടി കൂടി പയ്യന്നൂർ പോലീസ് അഭിമാനം കാത്തത്.
പയ്യന്നൂരിലെ കവർച്ചകൾക്ക് തുമ്പുണ്ടാക്കാൻ കണ്ണൂർ റൂറൽ എസ്പി എം. ഹേമലതയുടെ നിർദേശപ്രകാരം പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ക്രൈം സ്ക്വാഡാണ് പ്രമാദമായ കവർച്ചകളിലെ പ്രതിയെ പിടികൂടിയത്. എസ്ഐമാരായ സി.സനീത്ത്, കെ. സുഹൈൽ, എഎസ് ഐ ഷിജോ അഗസ്റ്റിൻ,സീനിയർ സിപിഒമാരായ നൗഫൽ അഞ്ചിലത്ത്, അഷ്റഫ്, സിപിഒ ജബ്ബാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.