മതസൗഹാർദം തകർക്കാൻ ആരേയും അനുവദിക്കില്ല: കത്തോലിക്ക കോൺഗ്രസ്
1444403
Tuesday, August 13, 2024 1:48 AM IST
ഇരിട്ടി: ക്രൈസ്തവ സ്കൂളുകളിലും കോളജുകളിലും പ്രത്യേക വിഭാഗത്തിൽപെട്ടവർക്ക് സ്കൂൾ സമയത്ത് പ്രാർഥനാ മുറി അനുവദിക്കണമെന്ന ആവശ്യവുമായി മതസൗഹാർദം തകർക്കുന്നതിനായി ഒരു വിഭാഗം നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുന്നതായി കത്തോലിക്ക കോൺഗ്രസ്. അടുത്ത കാലത്തു നിർമല കോളജിൽ ഇക്കാര്യം ഉന്നയിച്ചു
ചിലർ നടത്തിയ അപകടകരമായ നീക്കത്തിനെതിരായി കേരളത്തിലുടനീളം പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള വിഷയങ്ങൾ പരിഗണിക്കാനാകില്ലെന്ന് മാനേജ്മെന്റ് ശക്തമായ നിലപാടും എടുത്തു. എന്നാൽ ഇന്നലെ വീണ്ടും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ഉടമസ്ഥതയിലുള്ള പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലും പ്രത്യേക വിഭാഗം പ്രാർഥാനമുറിക്കായി പ്രിൻസിപ്പലിനെ സമീപിച്ച സംഭവം ഉണ്ടായി.
ഇതര മതസ്ഥരെ പ്രകോപിപ്പിക്കുന്ന ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഒരുകാരണവശാലും അംഗീകരി ക്കാൻ പാടില്ല. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം വിദ്യാഭ്യാസം മാത്രമാ ണെന്നും വിഭജനത്തിനും വിദ്വേഷത്തിനും കാരണമാകുന്ന ഏതൊരു നീക്കത്തേയും ശക്തിയുക്തം എതിർക്കുമെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ടാർജറ്റ് ചെയ്ത് നശിപ്പിക്കാനുള്ള കുത്സിതശ്രമങ്ങളെ എന്തു വിലകൊടുത്തും തടയുകയും മതസൗഹാർദവും സമാധാനാന്തരീക്ഷവും സംരക്ഷിക്കുകയും ചെയ്യുമെന്ന് കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.