തളിപ്പറമ്പ്: നിയോജക മണ്ഡലത്തിലെ യാത്ര പ്രശ്നം പരിഹരിക്കാൻ പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുമെന്ന് എം.വി. ഗോവിന്ദൻ എംഎൽഎ. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് വിളിച്ചുചേർത്ത യോഗത്തിലാണ് മണ്ഡലത്തിലെ പൊതുഗതാഗത യാത്ര പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് എംഎൽഎ അറിയിച്ചത്. ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള അന്തരം നമ്മുടെ നാട്ടിൽ കുറഞ്ഞുവരുന്നുണ്ടെന്നും അതുകൊണ്ടുതന്നെ പൊതുഗതാഗത സംവിധാനം ശക്തിപ്പെടേണ്ടതുണ്ടെന്നും എംഎൽഎ അഭിപ്രായപ്പെട്ടു.
തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും, ജനപ്രതിനിധികളും മോട്ടോർ വാഹന ഉദ്യോഗസ്ഥരും തളിപ്പറമ്പ് താലൂക് ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ പഞ്ചായത്തുകളിലെ യാത്ര പ്രശ്നം സംബന്ധിച്ച പ്രശ്നങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു. പരാതികൾ പരിശോധിച്ച് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ ധാരണയായി. സംസ്ഥാന സർക്കാരിന്റെ മിനി ബസ് ലഭ്യമാകുന്ന മുറയ്ക്ക് പ്രാദേശികമായ പ്രയാസങ്ങൾ പരിശോധിച്ചായിരിക്കും നടപടികൾ സ്വീകരിക്കുക. ആലോചന യോഗത്തിൽ തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷത വഹിച്ചു.